മുംബയ്: രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് രോഗികളുളള സംസ്ഥാനങ്ങളാണ് കേരളവും മഹാരാഷ്‌ട്രയും. അപകടകരമായ കൊവിഡ് വകഭേദം കേരളത്തിലെ പോലെ മഹാരാഷ്‌ട്രയിലും കണ്ടെത്തി. മഹാരാഷ്‌ട്രയിൽ രോഗം ശക്തമായി തുടരുന്ന സ്ഥലം മുംബയ് നഗരത്തിലാണ്. ജനങ്ങൾക്ക് കൊവിഡ് സുരക്ഷക്കായി മാസ്‌ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ ഇവിടെ താൽപര്യമില്ല.
കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് ശക്തമായ പരിശോധന ഇപ്പോൾ മുംബയിൽ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച മാത്രം ബൃഹൻമുംബയ് മുനിസിപ്പൽ കോർപറേഷൻ(ബിഎംസി) പിരിച്ചെടുത്തത് 29 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇന്നലെ വരെ പിരിച്ചതാണെങ്കിലോ 30.5 കോടി രൂപ. 15 ലക്ഷം പേരാണ് ചട്ടലംഘനം നടത്തിയത്.
മഹാരാഷ്‌ട്ര സംസ്ഥാനത്ത് 22,976 പേരിൽ നിന്നായി 45.95 ലക്ഷം രൂപ പിഴയാണ് മാസ്‌ക് ധരിക്കാത്തതിന് സർക്കാർ ചൊവ്വാഴ്‌ച ചുമത്തിയത്. കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് ബിഎംസിക്ക് ലഭിച്ചത് 60 ലക്ഷം രൂപയായിരുന്നു. കൊവിഡിനെ തുരത്താൻ ശക്തമായ നടപടി സ്വീകരിക്കുമെെന്ന് ബിഎംസി കമ്മീഷണർ ഐ.എസ് ചഹൽ അറിയിച്ചതിന് പിന്നാലെയാണിത്. മാസ്‌ക് ധരിക്കാതിരുന്നാൽ 200 രൂപയാണ് മുംബയിൽ പിഴശിക്ഷ.
മുംബയ് പൊലീസും റെയിൽവേയും ചേർന്ന് ശേഖരിക്കുന്ന പിഴയും കുത്തനെ കൂടിയതായാണ് ബിഎംസി പുറത്ത് വിട്ട രേഖകളിലുളളത്. 91,800 രൂപയാണ് ചൊവ്വാഴ്‌ച പിരിച്ചത്. പ്രതിദിനം 13,000 പേരെ പരിശോധിക്കുന്നതായും 25 ലക്ഷം വരുമാനം ലഭിക്കുന്നുണ്ടെന്നും ബിഎംസി വ്യക്തമാക്കുന്നു. പണം നൽകാനാകാത്തവരെ കൊണ്ട് സാമൂഹ്യസേവനം നടത്താറുണ്ടെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ശക്തമായതിനെ തുടർന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കഴിഞ്ഞയാഴ്‌ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |