വാഷിംഗ്ടൺ:സ്കൂളിൽ പഠിക്കുമ്പോൾ വംശീയമായി അധിക്ഷേപിച്ച സുഹൃത്തിന്റെ മൂക്ക് ഇടിച്ചുതകർത്തിട്ടുണ്ടെന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ. ഒരു ടെലിവിഷൻ ഷോയിലാണ് സ്കൂൾ പഠനകാലത്തെ അനുഭവം അദ്ദേഹം തുറന്നുപറഞ്ഞത്. 'സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് അടുത്ത സുഹൃത്തായി ഒരാൾ ഉണ്ടായിരുന്നു.ഞങ്ങളൊരുമിച്ച് ബാസ്കറ്റ് ബാൾ കളിക്കുമായിരുന്നു. ഒരിക്കൽ തമ്മിൽ അടിയുണ്ടായി. ഇതിനിടയിൽ അവൻ എന്നെ ഒരു വാക്ക് വിളിച്ചു. അതിന്റെ അർത്ഥം എന്താണെന്ന് അറിയില്ലെങ്കിലും ആ വാക്ക് വിളിച്ചാൽ എന്നെ വേദനിപ്പിക്കാമെന്ന് അവനറിയാം.ഇതോടെ എനിക്ക് ദേഷ്യം വന്നു. അവന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചാണ് ദേഷ്യം തീർത്തത്. എന്നെ ഇനി ഒരിക്കലും അങ്ങനെ വിളിക്കരുത് എന്ന താക്കീതും നൽകി'-ഒബാമ പറഞ്ഞു. ആദ്യമായാണ് തനിക്കുനേരെയുണ്ടായ വംശീയ അധിക്ഷേപത്തെക്കുറിച്ച് ഒബാമ തുറന്നുപറഞ്ഞത്. ഒബാമ ചെയ്തതിനെ അവതാരകൻ അഭിനന്ദിച്ചപ്പോൾ അഭിനന്ദനം അർഹിക്കുന്നതായിരുന്നില്ല തന്റെ പ്രവൃത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞദിവസമായിരുന്നു ടെലിവിഷൻ ഷോ പ്രക്ഷേപണം ചെയ്തത്.
മറ്റൊരാളെക്കാൾ മുകളിലാണ് തന്റെ സ്ഥാനം എന്ന് ഒരാൾ വിചാരിക്കുമ്പോഴാണ് വംശീയ അധിക്ഷേപം ഉണ്ടാകുന്നതെന്നാണ് ഒബാമയുടെ അഭിപ്രായം. ഒരുവ്യക്തി ഒരിക്കലും മറ്റൊരാൾക്ക് പകരമാവില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. അല്പം തത്വചിന്ത കലർത്തിയായിരുന്നു ഒബാമ ഇതിന് വിശദീകരണം നൽകിയത്. 'ഞാൻ ദരിദ്രനായിരിക്കാം. വിവരമില്ലാത്ത ആളായിരിക്കാം. വൃത്തികെട്ടവനോ നിന്ദ്യനോ ആയിരിക്കാം. പക്ഷേ, ഞാൻ ആരാണെന്ന് നിങ്ങൾ മനസിലാക്കണം. ഞാൻ നിങ്ങളല്ല എന്നതാണ് അതിന് ഉത്തരം'-അദ്ദേഹം പറഞ്ഞു. ഒരാൾ എങ്ങനെയുളള ആളാണെങ്കിലും അയാളാേട് ഒരിക്കലും മനുഷ്യത്വ രഹിതമായ പെരുമാറരുതെന്ന് അദ്ദേഹം ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.
അമേരിക്കയുടെ 44ാമത് പ്രസിഡന്റായിരുന്നു ബരാക് ഒബാമ. അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായിരുന്ന അദ്ദേഹം തുടർച്ചയായി രണ്ട് തവണ പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുണ്ട്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |