തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.എൻ. അനിൽകുമാറിനെ സഹായിക്കുന്നതിന് തൃശൂർ ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.ബി. സുനിൽകുമാറിനെ നിയോഗിച്ച് സർക്കാർ ഉത്തരവായി.
കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ. സുരേശൻ രാജിവച്ചതിനെത്തുടർന്ന് സി.ബി.ഐയുടെ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. വി.എൻ. അനിൽകുമാറിനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചിരുന്നു. ഏറെ പ്രാധാന്യമുള്ള കേസായതിനാൽ മറ്റൊരു പ്രമുഖ അഭിഭാഷകനെ കൂടി സഹായിയായി നിയമിക്കണമെന്ന് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തൃശൂരിലെ അഡീഷണൽ ഗവ. പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ.ബി. സുനിൽകുമാറിനെ നിയമിച്ചത്.
ചാലക്കുടി സ്വദേശിയായ അഡ്വ. കെ.ബി. സുനിൽകുമാർ ജില്ലയിലെ പ്രമുഖ അഭിഭാഷകനാണ്. 30 വർഷമായി ജില്ലയിലെ വിവിധ കോടതികളിൽ കേസുകൾ നടത്തുന്നുണ്ട്. 2016ൽ ജില്ലാ അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിതനായ അദ്ദേഹം സിവിൽ ക്രിമിനൽ കേസുകളിൽ വിജയിച്ചിട്ടുണ്ട്. ഒരു വർഷത്തിലേറെ ചാവക്കാട് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ചാലക്കുടി നഗരസഭാ അദ്ധ്യക്ഷനായും അഡ്വ. സുനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. കേസിൽ വാദം കേൾക്കുന്നതിന് ഹൈക്കോടതി ഉത്തരവ് പ്രകാരം വനിതാ ജഡ്ജിനെ നിയോഗിച്ചിരുന്നു. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിൽ അഡീഷണൽ ജില്ലാ ജഡ്ജ് ഹണി എം. വർഗീസ് മുമ്പാകെയായിരുന്നു വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |