മൂന്ന് വർഷം മുമ്പാണ് ഏഷ്യൻ സിംഹങ്ങളുടെ ലോകത്തെ ഏക വാസസ്ഥലമായ ഇന്ത്യയിലെ ഗിർ വനാന്തരങ്ങളിൽ മാരക വൈറസ് പടർന്നു പിടിച്ചത്. വൈറസിനെ അതിജീവിച്ച വംശനാശ ഭീഷണി നേരിടുന്ന ഈ സിംഹങ്ങൾക്കായി പുതിയ വാസസ്ഥലങ്ങൾ തിരയുകയാണ് പരിസ്ഥിതി പ്രവർത്തകർ ഇപ്പോൾ.
ആഫ്രിക്കൻ സിംഹങ്ങളെക്കാൾ വലിപ്പത്തിൽ അല്പം ചെറുതാണ് ഏഷ്യൻ സിംഹങ്ങൾ. ഒരിക്കൽ തെക്ക് പടിഞ്ഞാറൻ ഏഷ്യയിൽ ഇക്കൂട്ടരെ ധാരാളമായി കണ്ടുവന്നിരുന്നു. മനുഷ്യന്റെ അനധികൃത കൈയ്യേറ്റവും വേട്ടയും ഇവയുടെ എണ്ണം 1913ൽ വെറും 20ൽ എത്തിയ ഘട്ടമുണ്ടായിരുന്നു. ഇന്ന് ഗുജറാത്തിലെ ഗിർ വനത്തിൽ മാത്രമാണ് ഇവയെ കാണാൻ സാധിക്കുക. ഇന്ത്യൻ ഭരണകൂടത്തിന്റെ ഇടപെടലിന്റെ ഫലമായി ഇന്ന് ഗിർ വനത്തിലെ സിംഹങ്ങളുടെ എണ്ണം 700ഓളം എത്തിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ സെൻസസ് പ്രകാരം ഗിർ വനത്തിലെ സിംഹങ്ങളുടെ എണ്ണം 674 ആണ്.
എന്നാൽ, 2018ൽ ഗിർ വനത്തിലെ സിംഹങ്ങളുടെ സംരക്ഷണം ഏറെ വെല്ലുവിളി നേരിട്ട ഘട്ടമായിരുന്നു. നിരവധി സിംഹങ്ങൾ വൈറസ് ബാധയേറ്റ് ചത്തുവീണു. കനൈൻ ഡിസ്റ്റെമ്പർ വൈറസ് ബാധ ഡസൻ കണക്കിന് സിംഹങ്ങളിലാണ് കണ്ടെത്തിയത്. കുറഞ്ഞത് 11 സിംഹങ്ങളെങ്കിലും വൈറസ് ബാധയേറ്റ് ചത്തെന്നാണ് കണക്ക്.
അധികൃതരുടെ സമയോചിതമായി ഇടപെടലാണ് അന്ന് കാട്ടിലെ രാജാവിന് തുണയായത്. വൈറസ് ബാധിത മേഖലയിൽ നിന്ന് മാറ്റി സിംഹങ്ങളെ ഐസൊലേറ്റ് ചെയ്തു. അമേരിക്കയിൽ നിന്നുൾപ്പെടെ പ്രത്യേക വാക്സിൻ ഇറക്കുമതി ചെയ്ത് ഓരോ സിംഹത്തിനും മൂന്ന് ഡോസ് വീതം നൽകി. വൈറസ് വാഹകരായേക്കാമെന്നതിനാൽ സമീപ പ്രദേശത്തെ കന്നുകാലികൾക്കും നായകൾക്കും വാക്സിനേഷൻ നടത്തിയിരുന്നു. തുടർന്നാണ് രോഗത്തെ വിജയകരമായി നിയന്ത്രിക്കാൻ സാധിച്ചത്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രം കൂടിയാണ് ഗിർ. ഏകദേശം 550,000 സന്ദർശകർ പ്രതിവർഷം ഗിർ നാഷണൽ പാർക്കിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.
എണ്ണ സംഖ്യ വളരെ കുറവായതിനാൽ പകർച്ച വ്യാധികൾ സിംഹങ്ങൾ നേരിടുന്ന വൻ ഭീഷണിയാണ്. 1993ൽ ടാൻസാനിയയിലെ സെരെൻഗെറ്റി നാഷണൽ പാർക്കിലുണ്ടായ കനൈൻ ഡിസ്റ്റെമ്പർ വൈറസ് ബാധ ആകെയുണ്ടായിരുന്ന 3,000 സിംഹങ്ങളിൽ മൂന്നിലൊരു ഭാഗത്തെ കൊന്നൊടുക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഗിറിലെ സിംഹങ്ങളിൽ ചെറിയ ഭാഗത്തെ അടുത്തുള്ള മറ്റെവിടേക്കെങ്കിലും മാറ്റണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
നിലവിൽ സിംഹങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയുമാണ്. അതേ സമയം, ഗുജറാത്ത് ഭരണകൂടത്തിന് ഗിറിലെ സിംഹങ്ങളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനോട് താത്പര്യം കുറവാണ്. ഗിറിന് ഉൾക്കൊള്ളാവുന്നതിലധികം സിംഹങ്ങൾ ആയാൽ അവ സമീപ ഗ്രാമങ്ങളിലേക്കിറങ്ങുന്നത് പതിവാകും. ഇപ്പോൾ തന്നെ, ഗ്രാമങ്ങളിലിറങ്ങി കന്നുകാലികളെ കൊല്ലുന്ന പ്രവണത സിംഹങ്ങൾക്കിടെയിലുണ്ട്. ഇവയിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറുകളുടെ സഹായത്തോടെയാണ് റേഞ്ചർമാർ ഇവയെ നിരീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |