തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദിവസങ്ങളായി സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രത്യേകിച്ച് ഒരു പ്രത്യാശയ്ക്കും ഇട നൽകാതെ ഇന്നലെ സർക്കാർ ഉത്തരവിറങ്ങി. ഇതിൽ പ്രതിഷേധിച്ച്,സമരം ശക്തമാക്കാൻ റാങ്കുകാരുടെ അസോസിയേഷനുകൾ തീരുമാനിച്ചു.
സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ )റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാൽ അതിൽ നിന്ന് ഇനി നിയമനം നടത്താനാവില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സി.പി.ഒ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട 7580 പേരിൽ 5609 പേർക്ക് പി.എസ്.സി അഡ്വൈസ് നൽകിയിട്ടുണ്ട്.1200 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ഉദ്യോഗാർത്ഥികളുടെ വാദത്തിന് വസ്തുതാപരമായ പിൻബലമില്ലെന്നും ഉത്തരവിൽ പറയുന്നു. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ( എൽ.ജി.എസ് )റാങ്ക് ലിസ്റ്റിന്റെ കാലാവധി 2021 ആഗസ്റ്റ് നാല് വരെ നീട്ടിയിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഇതുവരെ 6000പേർക്ക് നിയമനം നൽകി. ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.പരമാവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഉത്തരവിൽ പറയുന്നു. രണ്ട് റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടവരുടെ സംഘടനാ നേതാക്കളുമായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും, എ.ഡി.ജി.പി മനോജ് എബ്രഹാമും കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
എന്നാൽ, തങ്ങളുന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽ സർക്കാർ വ്യക്തമായ മറുപടി നൽകുകയോ, അതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവിറങ്ങുകയോ ചെയ്യാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് എൽ.ജി.എസ് അസോസിയേഷൻ നേതാവ് ലയ രാജേഷ് പറഞ്ഞു.
സി.പി.ഒ റാങ്കുകാർ
റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയും മുമ്പ് പൊലീസിൽ 3200 ഒഴിവുകളുണ്ടായിരുന്നതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ട്.
ഈ ഒഴിവുകളിൽ നിയമനം നടത്താൻ സർക്കാർ തയ്യാറാവണം.
എൽ.ജി.എസ്റാങ്കുകാർ
താത്കാലിക നിയമനങ്ങൾ നിറുത്തലാക്കണം
മനുഷ്യാവകാശ കമ്മീഷന്റെയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും വിധിയുടെ അടിസ്ഥാനത്തിൽ നൈറ്റ് വാച്ചർമാരുടെ ഡ്യൂട്ടി സമയം എട്ട് മണിക്കൂറാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |