തിരുവനന്തപുരം: ആഢ്യത്വമില്ലാത്ത ബ്രാഹ്മണൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നതിൽ ആഢ്യത്വം കണ്ടെത്തിയ വിശാല കാഴ്ചപ്പാടിന് ഉടമയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. സാമുദായിക കല്പനപ്രകാരം വേദം ചൊല്ലാൻ അധികാരമുള്ള ബ്രാഹ്മണനായിരുന്നില്ലെങ്കിലും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെ മുഖ്യപ്രതിഷ്ഠയായ ശ്രീവല്ലഭനും പിറകിലെ പ്രതിഷ്ഠയായ സുദർശന മൂർത്തിക്കും മുന്നിൽ അദ്ദേഹം പൂജാ കർമ്മങ്ങൾ ചെയ്തു. സാധാരണ മേൽശാന്തിമാർ ചെയ്യാത്ത കർമ്മം.
അന്ധവിശ്വാസങ്ങൾക്കെതിരെ
സൗമ്യതയിൽ തന്നെ പൊതിയുമ്പോഴും അന്ധവിശ്വാസങ്ങളോടു കലഹിക്കാൻ തെല്ലും മടിയില്ലാത്ത ഈ വൈദികൻ അതിനാൽ പലരുടെയും കണ്ണിലെ കരടായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വകുപ്പു മേധാവിസ്ഥാനത്തു നിന്ന് വിരമിച്ചപ്പോൾ സ്ഥാനമാനങ്ങളുടെ രൂപത്തിൽ സ്വർണത്തിളക്കമുള്ള നിരവധി കൈനീട്ടങ്ങൾ വന്നു. പക്ഷേ, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തിപ്പണി. മാസവരുമാനം 5000 രൂപ. 1996 മുതൽ 2001 വരെ ആ കർമ്മം ഭംഗിയായി അനുഷ്ഠിച്ചു. ഇക്കാലയളവിൽ അദ്ദേഹം ക്ഷേത്രത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പലരെയും അന്ധാളിപ്പിച്ചു. ഇലയിൽ ചന്ദനം നൽകി ദക്ഷിണയ്ക്കായി കൈ നീട്ടരുതെന്ന് ഒരു മേൽശാന്തി തന്നെ പറഞ്ഞാൽ! ഭക്തരുടെ ദക്ഷിണ കാണിക്ക വഞ്ചിയിലോ തട്ടത്തിലോ നിക്ഷേപിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അക്കാലത്ത് നല്ലൊരു 'കൗൺസിലറു' ടെ(ഉപദേഷ്ടാവ്) ഭാഗവും അദ്ദേഹം ഭംഗിയാക്കി. പരീക്ഷപ്പേടിയകറ്റാൻ രക്ഷ ജപിച്ച് കെട്ടണമെന്ന ആവശ്യവുമായി വരുന്ന കുട്ടികളുടെ രക്ഷിതാക്കളോട്, 'രക്ഷ കെട്ടിയതുകൊണ്ട് രക്ഷയില്ല, നല്ലതുപോലെ പഠിച്ചാൽ വിജയം നേടാമെന്ന് 'മുഖത്തടിച്ചപോലെ പറയുമായിരുന്നു.
ഇംഗ്ളണ്ടിൽ വൈദിക കോൺഫറൻസിൽ പങ്കെടുക്കാൻ തയ്യാറെടുത്തപ്പോൾ മേൽശാന്തിപ്പണി ചെയ്യുന്നയാൾ കടൽ കടക്കുകയോ എന്ന ചോദ്യവുമായി ചിലർ ഉറഞ്ഞുതുള്ളി. കടൽ കടക്കരുതെന്ന് ഏതു ധർമ്മശാസ്ത്രത്തിൽ ലിഖിതം ചെയ്തുവെന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ചോദ്യത്തിന് മുന്നിൽ അവർ നിശബ്ദരായി. ചില സംഘടനകൾ ആക്രമണത്തിന് കോപ്പുകൂട്ടിയെങ്കിലും അവരുടെ നേതാവ് തന്നെയെത്തി, കവിയുടെ വാദത്തിന് ന്യായമോതാൻ.
എൻ.വി വഴിത്തിരിവായി
വി. നാരായണൻ നമ്പൂതിരിയെന്ന വിഷ്ണുനാരായണൻ നമ്പൂതിരിയിലെ കവിയെ കണ്ടെത്തിയത് എൻ.വി. കൃഷ്ണവാര്യരായിരുന്നു. അദ്ദേഹം ഭാഷാ ഇൻസ്റ്രിറ്റ്യൂട്ടിന്റെ ഡയറക്ടറായിരിക്കെ ജൂനിയർ റിസർച്ച് ഓഫീസറായി കവിയും നിയമിതനായി. തുടർന്ന് പ്രൊഫ. എസ്. ഗുപ്തൻനായർ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയതോടെ പുതിയൊരു സർഗാത്മക കൂട്ടായ്മ പിറവിയെടുത്തു. എസ്. ഗുപ്തൻ നായർ, പുനലൂർ ബാലൻ, പഴവിള രമേശൻ, പി. നാരായണക്കുറുപ്പ്, പി.എ. വാര്യർ തുടങ്ങിയവർ. ആ കൂട്ടായ്മ അഞ്ചു വർഷം നീണ്ടു.
നമ്പൂതിരിയും രാഷ്ട്രീയവും
സൈക്കിളിൽ എത്തിയിരുന്ന നമ്പൂതിരി പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ളീഷ് വിഭാഗം മേധാവിയായി എത്തിയപ്പോൾ, പ്രൊഫസറുടെ മുറിയോടു ചേർന്നുള്ള ടോയ്ലെറ്റ് തുറക്കാറില്ല. താക്കോൽ എവിടെയെന്ന് ആർക്കുമറിയില്ല. ഒരു കൊല്ലപ്പണിക്കാരനെ വരുത്തി പൂട്ടു തുറപ്പിച്ചു. ടോയ്ലെറ്റിൽ കണ്ടത് ചെറുകിട സ്ഫോടക വസ്തുക്കൾ. ഇവിടെ നിന്നാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ വിഷ്ണുനമ്പൂതിരിയും ഗുപ്തൻനായരും സുഗതകുമാരിയും സംയുക്തമായി പ്രതികരിക്കാനിറങ്ങിയത്. നമ്പൂതിരി സാറിന്റെ സൈക്കിളും ഇതോടെ മോഷണം പോയി. ഇടതുപക്ഷത്തെ സ്നേഹിക്കുകയും ജയപ്രകാശ് നാരായണന്റെ അനുഭാവിയായി മാറുകയും ചെയ്ത അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് രൂക്ഷമായ എതിർപ്പുമായും രംഗത്തെത്തി. കാളിദാസനെക്കുറിച്ചും ശ്രീനാരായണ ഗുരുദേവനെക്കുറിച്ചും കാവ്യഭംഗിയോടെ കവിത രചിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |