ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും പഴയ ഭാഷയായ തമിഴ് പഠിക്കാനായില്ല എന്നതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ ആറിന് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ തമിഴിനെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്.
''ലോകമെമ്പാടും ജനപ്രിയമായ മനോഹര ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യത്തിന്റെ മഹത്വത്തെക്കുറിച്ചും തമിഴ് കവിതയുടെ ആഴത്തെക്കുറിച്ചും നിരവധിപ്പേർ എന്നോട് പറഞ്ഞിട്ടുണ്ട്.' - മോദി പറഞ്ഞു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ എന്തെങ്കിലും നേടാനാകാത്തതിൽ ദുഃഖമുണ്ടോയെന്ന ഒരു ശ്രോതാവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി.
2018ലും ഇക്കാര്യം മോദി പറഞ്ഞിരുന്നു. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലും 2019ൽ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിലുമൊക്കെ തമിഴ് കവിതാശകലങ്ങൾ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴവെള്ള സംഭരണത്തിനുള്ള ക്യാച്ച് ദി റെയിൻ എന്ന 100 ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് മോദി പറഞ്ഞു. സ്വന്തം വഴി സ്വയം തെരഞ്ഞെടുക്കണമെന്നും, പ്രതിസന്ധികളിൽ പതറരുതെന്നും യുവാക്കൾക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |