തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും, ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിൽ നിന്നുമായിരിക്കും കുത്തിവയ്പെടുക്കുക. കൊവിഷീൽഡ് വാക്സിനായിരിക്കും ഇരുവരും സ്വീകരിക്കുകയെന്നാണ് സൂചന.
ഇന്നലെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. കേരളത്തിലെ മിക്ക ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതൽപേർ കഴിഞ്ഞദിവസം കുത്തിവയ്പെടുത്തു. അറുപത് വയസിന് മുകളിലുള്ളവർക്കും, നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതർക്കുമാണ് ഈ ഘട്ടത്തിൽ കുത്തിവയ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്, കേന്ദ്രസഹമന്ത്രി സോംപ്രകാശ്, എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ തുടങ്ങിയ പ്രമുഖർ ഇന്നലെ ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |