കണ്ണൂർ: സി പി എം-ബി ജെ പി ചർച്ച നടന്നെന്ന് ആവർത്തിച്ച് സി പി എം നേതാവ് പി ജയരാജൻ. നാടിന്റെ സമാധാനം നിലനിർത്താനായിരുന്നു യോഗം. ശ്രീ എം മുൻകൈയെടുത്തത് രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാനാണ്. എം അറിയപ്പെടുന്ന ആത്മീയ ആചാര്യനാണെന്നും ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു ഡി എഫ്- ആർ എസ് എസ് ബാന്ധവം മറച്ചുവയ്‌ക്കാനാണ് ഉഭയകകക്ഷി ചർച്ചയെ ആർ എസ് എസ് വേറെ രീതിയിൽ ചിത്രീകരിക്കുന്നത്. നാടിന്റെ സമാധാനത്തിന് ഏത് വ്യക്തി മുൻകൈയെടുത്താലും സി പി എം അതുമായി സഹകരിക്കും. രക്തചൊരിച്ചിൽ അവസാനിപ്പിക്കുകയാണ് പാർട്ടി ലക്ഷ്യമെന്നും ജയരാജൻ വ്യക്തമാക്കി.
എം വി ഗോവിന്ദന്റെ പ്രതികരണത്തെ കുറിച്ച് തനിക്കറിയില്ല. നാടിന്റെ സമാധാനത്തിനായി പലപ്പോഴും ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടുണ്ട്. യോഗയെ ദുരുപയോഗം ചെയ്‌ത് ആർ എസ് എസ് വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ സി പി എമ്മുമായി സഹകരിച്ചയാളാണ് എം.
യോഗ കേന്ദ്രത്തിനായി സർക്കാർ ഭൂമി നൽകിയതിനെപ്പറ്റി തനിക്കറിയില്ല. അതിനെ കുറിച്ച് സർക്കാർ വക്താക്കളാണ് പറയേണ്ടത്. ആർ എസ് എസ് പറഞ്ഞിട്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ജമാ അത്തെ ഇസ്ലാമിക്ക് ആർ എസ് എസിനെക്കാളും വിരോധം സി പി എമ്മിനോടാണെന്നും ജയരാജൻ ആരോപിച്ചു.
ആശയപരമായ കാര്യങ്ങളിൽ ആർ എസ് എസും സി പി എമ്മും ഭിന്നധ്രുവങ്ങളിലാണ്. അത് ഇപ്പോഴും തുടരുകയാണ്. അതിനെ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആർ എസ് എസിനോട് കോൺഗ്രസിന് മൃദു ഹിന്ദുത്വ സമീപനമാണ്. മതാതീതമായ ആത്മീയ നേതാക്കൾ കേരളത്തിലുണ്ടെന്നും അവരെ പ്രോത്സാഹിപ്പിക്കണമെന്നും ജയരാജൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |