യങ്കൂൺ: മ്യാൻമറിൽ സൈനിക അട്ടിമറിയ്ക്കെതിരെ നടക്കുന്ന ജനകീയ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഇന്നലെ യങ്കൂണിലും മാണ്ടലേയിലുമായി സൈന്യം പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ 18 പേർ കൊല്ലപ്പെട്ടു. ഇതോടെ, ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 33 ആയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതികരിക്കാൻ സൈന്യം തയ്യാറായിട്ടില്ല.
സൈനിക ഭരണം അവസാനിപ്പിക്കണമെന്നും ആംങ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്നും ആസിയാൻ രാജ്യങ്ങൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വണ്ടിയിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ആക്ടിവിസ്റ്റുകളടക്കം 300 ഓളം പേരെയാണ് സൈന്യം തടവിലാക്കിയിരിക്കുന്നത്.
ഇവരുടെ മോചനം ആവശ്യപ്പെട്ടും അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയിട്ടുണ്ട്.
അനധികൃതമായി തടവിലാക്കിയവരെ മോചിപ്പിക്കണമെന്നും അക്രമം കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയും രംഗത്തെത്തിയിട്ടുണ്ട്.
ജനാധിപത്യം വേണമെന്ന് ജനങ്ങൾ, അടുക്കാതെ സൈന്യം
സൈനിക ഭരണം പിൻവലിക്കണമെന്നും ആംങ് സാൻ സൂ ചി ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളേയും മോചിപ്പിക്കണമെന്നും അവരെ തന്നെ ഭരണത്തിൽ തുടരാൻ അനുവദിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എന്നാൽ, ജനാധിപത്യം തിരികെ വരുന്നതിനോട് സീനിയർ ജനറൽ മിൻ ഓങ് ലെയിങ്ങിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടത്തിന് തീരെ താത്പര്യമില്ല. സൂചിയെ ദീർഘകാലത്തേയ്ക്ക് തടങ്കലിൽ ആക്കാനുള്ള വഴികൾ തേടുകയാണ് സൈന്യം. സൂചിയ്ക്കെതിരെ പുതിയ കേസുകൾ ചുമത്തിയതും അതിന് ഉദാഹരണമാണ്. രാജ്യത്ത് ഒരു വർഷത്തേയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷം, തിരഞ്ഞെടുപ്പ് നടത്തി ജനങ്ങൾക്ക് അധികാരം കൈമാറുമെന്നാണ് സൈന്യം പറയുന്നത്. എന്നാൽ, ഇത് ജനങ്ങൾ പൂർണമായി വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കില്ലെന്നാണ് ജനങ്ങൾ പറയുന്നത്. സൈന്യത്തെ അനുകൂലിക്കുന്നവരുടെ വിജയം ഉറപ്പാക്കാൻ വേണ്ടി മാത്രമുള്ള ഒരു പ്രഹസനമായി തിരഞ്ഞെടുപ്പ് മാറുമെന്നും ജനങ്ങൾ ഉറപ്പിച്ച് പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |