ബംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപണത്തെ തുടർന്ന് കർണാടക ബി.ജെ.പി നേതാവും ജലവിഭവമന്ത്രിയുമായ രമേശ് ജർക്കിഹോളി രാജിവച്ചു.
കഴിഞ്ഞദിവസമാണ് ജർക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തായത്. സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയം വിടുമെന്നും ജർക്കിഹോളി പ്രതികരിച്ചു.
എന്നാൽ ഇന്നലെ ജർക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ച യെദിയൂരപ്പ, അത് ഗവർണറുടെ അംഗീകാരത്തിനായി അയച്ചു.
തനിക്കെതിരായ ആരോപണം അസത്യമാണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാൽ ധാർമികത മുൻനിറുത്തി രാജിവയ്ക്കുകയാണെന്ന് രാജിക്കത്തിൽ പറയുന്നു.
ബംഗളൂരുവിലെ സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജർക്കിഹോളിക്കെതിരെ ബംഗളൂരു പൊലീസിൽ ലൈംഗിക പീഡന പരാതി നല്കിയത്. കെ.പി.ടി.സി.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി തന്നെ പകർത്തിയ ദൃശ്യങ്ങളും ഫോൺകാൾ റെക്കാഡ്സും തെളിവായി നല്കി. ഇതറിഞ്ഞ മന്ത്രി യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും ദിനേഷ് വ്യക്തമാക്കി.
ജർക്കിഹോളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി.
നേരത്തേ കോൺഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജർക്കിഹോളി കോൺഗ്രസ് ജെ.ഡി.എസ് സഖ്യകക്ഷി സർക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ എം.എൽ.എമാരിലൊരാളാണ്. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് മന്ത്രിയാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |