കാസർകോട്: നഗരത്തിൽ സിനിമാ സ്റ്റൈലിൽ തോക്ക് ചൂണ്ടി ആക്രമിക്കുകയും ഗുരുതരമായി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധൂർ പഞ്ചായത്തിലെ ആസിഫിനെ (40) യാണ് പിടികൂടിയത്. മംഗളൂരു ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കാസർകോട് തായലങ്ങാടിയിൽ തിങ്കളാഴ്ച രാത്രിയാണ് മിന്നൽ ആക്രമണം നടന്നത്.
തായലങ്ങാടിയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച ജ്യൂസ് കട നടത്തുന്ന പള്ളിക്കര പൂച്ചക്കാട്ടെ ഇല്യാസിന്റെ സഹോദരൻ താജുദ്ദീനാ (31) ണ് കുത്തേറ്റത്. താജുദ്ദീൻ സ്കോർപിയോ കാറിൽ തളങ്കര ഭാഗത്ത് പോയി തിരിച്ച് ജ്യൂസ് കടയിൽ എത്തിയപ്പോഴാണ് പിന്തുടർന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി അക്രമം നടത്തിയത്. സംഘം നിറയൊഴിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷനിലേക്ക് ഓടിയ താജുദ്ദീനെ സംഘം പിന്തുടർന്ന് ഹാമർ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താജുദ്ദീൻ മംഗളൂരുവിൽ ചികിത്സയിലാണ്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ ഇല്യാസിന് കൈക്ക് നിസാര പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |