തൃശൂർ: അമ്മയുടെ പിറന്നാൾ ദിനത്തിൽ നടി മഞ്ജുവാര്യരുടെ വൈറലായ കുറിപ്പ് ഇങ്ങനെയായിരുന്നു: 'എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. അമ്മ എപ്പോഴും അദ്ഭുതപ്പെടുത്തുന്നു, ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു.'
ഇതാ ഇപ്പോൾ അമ്മ ഗിരിജാ മാധവൻ, മോഹിനിയാട്ടം പഠിക്കുന്നതിനിടെ കഥകളിയും അഭ്യസിച്ചു. ചൊവ്വാഴ്ച പെരുവനം ക്ഷേത്രത്തിൽ അരങ്ങേറ്റമാണ്.
രണ്ടു വർഷം മുമ്പാണ് ഊരകം എൻ.എസ്.എസ് കരയോഗത്തിന്റെ സർഗശ്രീലകം പരിശീലന ക്ളാസിൽ 70 വയസോളമുള്ളവരുടെ കഥകളി അവതരണം കണ്ടത്. തിരുവുളളക്കാവിൽ മോഹിനിയാട്ടം പഠിക്കുകയായിരുന്നു അന്ന്. 'നമുക്കും കഥകളി പഠിച്ചാലോ' കൂട്ടുകാരിയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥയുമായ ശൈലജ കുമാർ ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ഗിരിജ സമ്മതിച്ചു. എഴുപതിലേക്ക് അധികദൂരമില്ലെങ്കിലും യോഗയും മോഹിനിയാട്ടവുമെല്ലാം അഭ്യസിച്ചതുകൊണ്ട് മെയ് വഴക്കവുമുണ്ടായിരുന്നു.
ഏതായാലും രണ്ടുപേരും ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ കലാനിലയം പ്രിൻസിപ്പലായി വിരമിച്ച ഗോപി ആശാന്റെ ശിഷ്യരായി. ആദ്യം കാൽവേദനയും ശരീര വേദനയുമെല്ലാമുണ്ടായിരുന്നെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തിനു മുന്നിൽ വേദന മറന്നു.
അതിനിടെയാണ് കൊവിഡിന്റെ 'കത്തിവേഷം'. പിന്നെ ഓൺലൈനിലായി പഠനം. ഒന്നരവർഷം കൊണ്ട് പ്രാഥമിക പഠനം പൂർത്തിയാക്കി. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള പെരുവനം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി വൈകിട്ട് ഏഴിന് കല്ല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായാണ് ഗിരിജ മാധവൻ അരങ്ങേറുന്നത്. ലവണാസുര വധം കഥയിൽ ശൈലജകുമാറും അരങ്ങേറ്റത്തിനുണ്ട്.
''എന്നെ ചിലങ്ക അണിയിച്ചതും നൃത്തപഠനത്തിന് എനിക്ക് താങ്ങും തണലുമായതും അമ്മയാണ്. 46 വർഷങ്ങൾക്കു ശേഷം അമ്മ കുറിപ്പുകളും ലേഖനങ്ങളും എഴുതിത്തുടങ്ങിയതിലും ഏറെ സന്തോഷമുണ്ട്.
ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് വിദ്യാർത്ഥിനിയായിരിക്കെ, കഥാരചനാ മത്സരത്തിൽ അമ്മ സമ്മാനം നേടിയിരുന്നു.
- മഞ്ജുവാര്യർ
'' അരങ്ങേറ്റം കാണാൻ മഞ്ജു വരണമെന്ന് ആഗ്രഹമുണ്ട്. നടക്കുമോ എന്നറിയില്ല. ഭോപ്പാലിൽ സിനിമാ ചിത്രീകരണത്തിലാണ്. അമ്മ ഹാപ്പിയായാൽ മതിയെന്നാണ് അവൾ പറയാറുള്ളത്. ഇനി എന്തെങ്കിലും പഠിക്കണമെന്ന് തോന്നിയാൽ അതും പഠിക്കും.
ഗിരിജാ മാധവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |