കണ്ണൂർ: കടലാസിന്റെ ക്ഷാമവും വില വർദ്ധനവും മൂലം അച്ചടി വ്യവസായം കടുത്ത പ്രതിസന്ധിയിൽ. പ്രിന്റിംഗിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശ നിർമ്മിത ആർട്ട് പേപ്പറിന് കടുത്ത ക്ഷാമവും വില വർദ്ധനവുമാണുണ്ടായിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ കിലോഗ്രാമിന് 60 രൂപ എന്നത് 90 രൂപയായി വർദ്ധിച്ചു. കൂടാതെ മഷി, കെമിക്കൽസ് മുതലായ അച്ചടി അനുബന്ധ സാമഗ്രികൾക്കും ക്രമാതീതമായി വില വർദ്ധിച്ചു. ഇതോടെ കേരളത്തിലെ 3000 ലധികം വരുന്ന പ്രിൻറിംഗ് പ്രസുകൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അച്ചടിക്കൂലി വർദ്ധിപ്പിക്കുന്നില്ലെങ്കിലും കടലാസ് വില വർദ്ധനവിന് ആനുപാതികമായി അച്ചടി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുവാനും നിർബന്ധിതരായിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പർ ഉണ്ടാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ പി.എ അഗസ്റ്റിൻ, കെ. വിനയ രാജ്, പി.വി പുരുഷോത്തമൻ, കെ. മുഹമ്മദ് കുട്ടി, സുഗുണൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |