തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പിന് ഹൈടെക് ക്യാമ്പയിൻ നടത്താനുള്ള തയ്യാറെടുപ്പ് ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രം ആയെങ്കിലും അതിനെ വാർ റൂം എന്നൊന്നും ബി.ജെ.പി വിളിക്കുന്നില്ല. സോഷ്യൽ മീഡിയ വഴി വീഡിയോകളും ഓഡിയോകളും ബി.ജെ.പി ജനങ്ങളിലെത്തിക്കും. സോഷ്യൽ മീഡിയ വഴിയുള്ള ക്യാമ്പയിനിലും തങ്ങളാണ് മുമ്പിലെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. സോഷ്യൽ മീഡിയയിൽ ഏറ്രവും അധികം എൻഗേജ്മെന്റ് ബി.ജെ.പിക്കാണെന്നാണ് അവകാശ വാദം.
കെ.സുരേന്ദ്രന്റെ ഓരോ പ്രസംഗവും 2-3 ലക്ഷം പേർ കാണുന്നു. ബി.ജെ.പിയുടെ ഫെയ്സ് ബുക്ക് പേജിന് 6.8 ലക്ഷം ലൈക്ക് ഉള്ളപ്പോൾ സി.പി.എമ്മിന് 5.8 ലക്ഷവും കോൺഗ്രസിന് 2.75 ലക്ഷവും ലൈക്ക് ആണുള്ളത്. ഇതോടൊപ്പം ഇൻസ്റ്റഗ്രാമിലും ട്വിറ്രറിലുമൊക്കെ ബി.ജെ.പി നേതാക്കൾക്ക് നല്ല പിൻബലം കിട്ടുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ബി.ജെ.പി 18,000 വാട്സ് ആപ് ഗ്രൂപ്പുകളും തുടങ്ങിക്കഴിഞ്ഞെന്ന് ബി.ജെ.പി സോഷ്യൽ മീഡിയാ കൺവീനർ ജയകൃഷ്ണൻ പറഞ്ഞു. തങ്ങൾ പോസിറ്രീവ് പൊളിറ്രിക്സ് മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇ.ശ്രീധരനും ജേക്കബ് തോമസ് തുടങ്ങിയവരുടെ പ്രതിച്ഛായ പ്രയോജനപ്പെടുത്താനും ബി.ജെ.പിക്ക് കഴിയുന്നുണ്ടെന്ന് ജയകൃഷ്ണൻ പറഞ്ഞു. വിജയ് യാത്രയ്ക്കിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളും ഓൺലൈനിലായി. മെയ് മാസമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നതായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
ഇതിനനുസരിച്ചായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ വിജയ യാത്ര നടത്താൻ തീരുമാനിച്ചത്. എന്നാൽ യാത്ര പകുതി ദൂരം പിന്നിടുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണയ നടപടികളിലേക്ക് നീങ്ങേണ്ടിവന്നു. അപ്പോഴേക്കും യാത്രകൾ അവസാനിച്ച യു.ഡി.എഫും എൽ.ഡി.എഫും ഉഭയകക്ഷി ചർച്ചകളിലേക്കും സ്ഥാനാർത്ഥി നിർണയത്തിലേക്കും കടന്നിരുന്നു. ഇതോടെ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്രി ഓൺലൈനിലൂടെ ചേർന്ന് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയായിരുന്നു. ദിവസേന രാവിലെയാണ് ബി.ജെ.പി കോർ കമ്മിറ്രി ചേരുന്നത്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള യാത്ര നടക്കുന്നതിനിടെ മറ്ര് സംസ്ഥാന നേതാക്കൾ നേരിട്ട് യാത്രയിലെത്തി ചർച്ച നടത്തുകയും ചെയ്യുന്നു.
ഘടക കക്ഷികളുമായുള്ള ചർച്ച നടത്തുന്നത് മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസും ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറുമാണ്. ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കിയ ഇവർ അടുത്ത ചർച്ച മാർച്ച് 7ന് സമാപിച്ച ശേഷം എട്ടാം തീയതിയോടെ പൂർത്തിയാക്കും. 7ന് സമാപന സമ്മേളനത്തിനെത്തുന്ന അമിത് ഷായും പാർട്ടി നേതാക്കളുമായും ചർച്ച നടത്തും. ഇതിനിടെ സംസ്ഥാന നേതാക്കൾ ജില്ലകളിൽ നേരിട്ടെത്തി മണ്ഡലം തലത്തിലുള്ള പ്രവർത്തകരുമായി ചർച്ച നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു കഴിഞ്ഞു. ഇക്കാര്യം കോർ കമ്മിറ്രി ചർച്ച ചെയ്ത ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്രിക്ക് വിടും. പത്താം തീയതിക്കുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക തയ്യാറാക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |