ആലപ്പുഴ: അമ്പലപ്പുഴയിൽ മന്ത്രി ജി.സുധാകരന് സ്ഥാനാർത്ഥിത്വം നിഷേധിച്ച് എച്ച്.സലാമിന്റെ പേര് സാദ്ധ്യതാ പട്ടികയിൽ വന്നതിനെതിരെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'സുധാകരന് പകരം എസ്.ഡി.പി.ഐക്കാരൻ സലാമോ?', ജി യെ മാറ്റിയാൽ മണ്ഡലം തോൽക്കും. 'പാർട്ടിക്ക് തുടർഭരണം വേണ്ടേ?' എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചുളള പോസ്‌റ്ററുകൾ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലാണ് പതിച്ചിരുന്നത്.
മത്സരരംഗത്ത് സുധാകരനില്ലാതെ എന്ത് ഉറപ്പാണെന്നും സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ പാർട്ടി തോൽക്കുമെന്നും പോസ്‌റ്ററിലുണ്ട്. ഇന്ന് സ്ഥാനാർത്ഥി പട്ടിക ചർച്ചയ്‌ക്കായി ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ചേരാനിരിക്കെയാണ് സുധാകരന് അനുകൂലമായി പോസ്‌റ്ററുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രണ്ട് ടേമിൽ കൂടുതൽ മത്സരിച്ചവർ വേണ്ട എന്ന പാർട്ടിയുടെ ഉറച്ച തീരുമാനത്തിൽ ജില്ലയിൽ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കിനും സീറ്റുകൾ നഷ്‌ടമായി. ഇരുവരുടെയും ഉറച്ച സീറ്റുകളിൽ ഇതോടെ പാർട്ടിക്ക് തിരിച്ചടികളുണ്ടാകുമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം. ഇവർക്ക് പുറമേ എ.കെ ബാലൻ, ഇ.പി ജയരാജൻ, സി.രവീന്ദ്രനാഥ് എന്നിവരും മത്സരിക്കേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |