കോട്ടയം : ചൂട് കനത്ത സാഹചര്യത്തിൽ ഇതുമൂലം ഉണ്ടാകാകുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് വെയിലേൽക്കുന്ന ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുട്ടികൾ വെയിലത്ത് കളിക്കുന്നതും വിലക്കിയിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കാൻ മറക്കരുത്. ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ കിണറുകളിലും ടാപ്പുകളിലും ലഭിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം കുറയാൻ സാദ്ധ്യതയുണ്ട്. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളം കുടിക്കണം. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ പഴങ്ങളും, പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ശ്രദ്ധിക്കാൻ
ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള ഇളം നിറമുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം
വെയിൽ നേരിട്ട് ശരീരത്തിൽ പതിക്കുന്നത് തടയാൻ വെയിലത്ത് കുടയോ തൊപ്പിയോ ഉപയോഗിക്കണം
വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും ഇരുത്തിയിട്ട് പോകരുത്
ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കണം
ലക്ഷണങ്ങൾ
വളരെ ഉയർന്ന ശരീരോഷ്മാവ്, വറ്റിവരണ്ട ചുവന്ന ശരീരം, ശക്തമായ തലവേദന, തലക്കറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, എന്നിവ സൂര്യാഘാതം ഏറ്റതിന്റെ ലക്ഷണങ്ങളാണ്. ഇവ അനുഭവപ്പെട്ടാൽ വെയിലത്തുനിന്നു മാറി വിശ്രമിക്കുകയും നന്നായി വെള്ളം കുടിക്കുകയും ചെയ്യണം. ദീർഘമായി ശ്വസിക്കുക.
''ചൂട് മൂലം സൂര്യാതപം, സൂര്യാഘാതം, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവ ബാധിക്കാൻ സാദ്ധ്യതയുണ്ട്.
കൂടുതൽ ഭാഗത്ത് സൂര്യാതപം ഏറ്റതായി തോന്നുകയോ, അസ്വസ്ഥതകൾ നീണ്ടുനിൽക്കുകയോ ചെയ്താൽ വിദഗ്ധ ചികിത്സ തേടണം.'' - ഡോ. ജേക്കബ് വറുഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |