കുവൈറ്റ് സിറ്റി: കുവൈറ്റിൽ സർക്കാർ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികൾക്ക് സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് വർക്ക് പെർമിറ്റ് മാറ്റാമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. രാജ്യത്ത് സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണിത്. സർക്കാരിന്റെ കീഴിലുള്ള വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്‌പോൺസറുടെ അനുമതിയോടെ സ്വകാര്യ മേഖലയിലേക്ക് മാറാം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും സാമ്പത്തിക പ്രതിസന്ധി മൂലവും പതിനായിരക്കണക്കിന് പ്രവാസികൾ കുവൈറ്റ് വിട്ടിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിലേക്ക് വർക്ക് പെർമിറ്റ് മാറ്റുന്നതിന് പ്രവാസികൾക്ക് നിലവിലുള്ള വിലക്ക് നീക്കിയതായും അതോറിറ്റി വ്യക്തമാക്കി. വ്യവസായം, കോ - ഓപ്പറേറ്റീവ് സൊസൈറ്റി, ഫ്രീ ട്രേഡ് സോൺ തുടങ്ങിയ മേഖലകളിലേക്ക് തൊഴിൽ മാറുന്നതിനുള്ള വിലക്കാണ് നീക്കിയത്. കൊവിഡ് വ്യാപനം രാജ്യത്തെ തൊഴിൽ മേഖലയിൽ സൃഷ്ടിച്ച മാറ്റങ്ങളാണ് പുതിയ തീരുമാനങ്ങൾക്കു പിന്നിൽ.
ആശ്രയം പ്രവാസികൾ
സ്വകാര്യ തൊഴിൽ മേഖലയിൽ പ്രത്യേകിച്ചും പ്രവാസികളെ വൻതോതിൽ ആശ്രയിക്കുന്ന രാജ്യമാണ് കുവൈറ്റ്. സ്വകാര്യ മേഖലയിലെ 90 ശതമാനം തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്നത് പ്രവാസികളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കുവൈറ്റിൽ നിന്ന് 1.34 ലക്ഷം പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയതായാണ് കണക്കുകൾ. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടതും വിസ കാലാവധി തീർന്നതുമൊക്കെയാണ് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |