തൃശൂർ : സി.പി.എം സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി നേതാക്കളിൽ മുറുമുറുപ്പ്. ഇരിങ്ങാലക്കുടയിൽ പാർട്ടി നൽകിയ ലിസ്റ്റിന് പകരം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ പ്രൊഫ.ആർ. ബിന്ദുവിന് സീറ്റ് നൽകിയതും പ്രതിഷേധത്തിന് ഇടയാക്കി. ചേലക്കരയിൽ കെ. രാധാകൃഷ്ണൻ മികച്ച സ്ഥാനാർത്ഥിയാണെങ്കിലും സിറ്റിംഗ് എം.എൽ.എ യു.ആർ പ്രദീപിന് ഒരു അവസരം കൂടി നൽകാമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
രാധാകൃഷ്ണനെ തരൂർ മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ എ.കെ ബാലന്റെ ഭാര്യക്ക് സീറ്റ് നൽകിയെന്ന വിവാദവും ഒഴിവാക്കാമായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഗുരുവായൂരിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോണിന് പകരം എൻ.കെ അക്ബറിനെ സ്ഥാനാർത്ഥിയാക്കിയതിലും ചില്ലറ അസ്വാരസ്യങ്ങളുണ്ട്.
നേരത്തെ ഇരിങ്ങാലക്കുടയിലേക്ക് മുനിസിപ്പൽ കൗൺസിലറും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ആർ വിജയയെയായിരുന്നു പരിഗണിച്ചിരുന്നത്. കൂടാതെ യു.പി ജോസഫിനെയും ഇവിടേക്ക് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇവിടെ രണ്ടു പേരെയും മാറ്റിയാണ് ബിന്ദുവിന് സീറ്റ് നൽകിയത്. യു.പി ജോസഫിനെ പിന്നീട് ചാലക്കുടിയിലേക്ക് മാറ്റി. എന്നാൽ ഇന്നലെ ചാലക്കുടി സീറ്റ് കേരള കോൺഗ്രസിന് (എം) നൽകാൻ തീരുമാനിച്ചതോടെ യു.പി ജോസഫ് പട്ടികയിൽ നിന്ന് ഔട്ടാകും. ഇവിടെ അടുത്തിടെ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് എമ്മിൽ ചേർന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഡെന്നീസ് ആന്റണിയെ പരിഗണിക്കാനാണ് സാദ്ധ്യത.
കൂടാതെ മുൻ എം.എൽ.എ പി.കെ ഇട്ടൂപ്പിന്റെ മകൻ അഡ്വ. മാത്യുവിന്റെ പേരും ഉയരുന്നുണ്ട്. വനിതകളിൽ ജില്ലയിൽ സജീവ സാന്നിദ്ധ്യമായിരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനെ പരിഗണിക്കാതിരുന്നതും ചർച്ചയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിരുന്ന അവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ തുടർ അവസരം നൽകിയിരുന്നില്ല.
കഴിഞ്ഞ തവണ വടക്കാഞ്ചേരിയിൽ മത്സരിച്ചിരുന്ന മേരി തോമസ് 43 വോട്ടിനാണ് പരാജയപ്പെട്ടത്. നിയമസഭയിലേക്ക് വടക്കാഞ്ചേരിയിലേക്ക് പരിഗണിക്കുമെന്നായിരുന്നു വിശ്വാസം. അതേസമയം ആർ. ബിന്ദു കോർപറേഷൻ മേയറായിരിക്കെ മോശം പ്രകടനം നടത്തിയതിന്റെ ഫലമാണ് അടുത്ത തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിനിടെ വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിന്റെ യുവജനവിഭാഗങ്ങളിൽ ആവേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ സേവ്യറിനെ വെട്ടി ആദ്യം കെ.പി.എ.സി ലളിതയെ സ്ഥാനാർത്ഥിയാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ അവരെ മാറ്റി മേരി തോമസിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |