ന്യൂയോർക്ക്: അമേരിക്കൻ കേന്ദ്രബാങ്കും ലോകത്തെ ഏറ്റവും ശക്തമായ കേന്ദ്രബാങ്കുമായ ഫെഡറൽ റിസർവിന്റെ ഫസ്‌റ്റ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി മലയാളി നൗറീൻ ഹസൻ നിയമിതയായി. ഫെഡറൽ റിസർവിന്റെ 12 പ്രാദേശിക വിഭാഗങ്ങളിൽ പ്രമുഖമായ ഫെഡറൽ റിസർവ് ബാങ്ക് ഒഫ് ന്യൂയോർക്കിന്റെ ഉന്നതപദവികളാണ് നൗറീനെ തേടിയെത്തിയത്.
ഫെഡറൽ ബാങ്ക് ഒഫ് ന്യൂയോർക്കിന്റെ ബോർഡ് ഒഫ് ഡയറക്‌ടേഴ്‌സ് അംഗവുമായി നൗറീൻ നിയമിക്കപ്പെട്ടു. മാർച്ച് 15 മുതൽക്കാണ് പ്രാബല്യം. ധനകാര്യ സേവനരംഗത്ത് 25 വർഷത്തിലേറെ പരിചയസമ്പത്തുള്ള നൗറീൻ, കൊച്ചി കേന്ദ്രമായുള്ള നെസ്‌റ്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ജാവേദ് കെ. ഹസന്റെ മകളാണ്. നൗറീന്റെ നിയമനം ഫെഡറൽ റിസർവ് സിസ്‌റ്റംസിന്റെ ബോർഡ് ഒഫ് ഗവർണേഴ്‌സ് അംഗീകരിച്ചുവെന്ന് ഫെഡറൽ റിസർവ് ബാങ്ക് ഒഫ് ന്യൂയോർക്ക് വ്യക്തമാക്കി.
ഫസ്‌റ്റ് വൈസ് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്ന നൗറീൻ, ഫെഡറൽ റിസർവ് ബാങ്ക് ഒഫ് ന്യൂയോർക്കിന്റെ രണ്ടാമത്തെ ഉന്നതസ്ഥാനമാണ് വഹിക്കുക. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിൽ വോട്ടവകാശമുള്ള അംഗവും നൗറീൻ ആയിരിക്കും. സ്‌ട്രാറ്റജി, ഡിജിറ്റൽ ട്രൻസ്‌ഫർമേഷൻ, സൈബർ സെക്യൂരിറ്റി, റെഗുലേറ്ററി/റിസ്‌ക് മാനേജ്‌മെന്റ് വിഷയങ്ങളിൽ വിദഗ്ദ്ധയാണ് നൗറീൻ. മോർഗൻ സ്‌റ്റാൻലി വെൽത്ത് മാനേജ്‌മെന്റ് സിസ്‌റ്റംസിന്റെ (എം.എസ്.ഡബ്ള്യു.എം) ചീഫ് ഡിജിറ്റൽ ഓഫീസറായിരിക്കേയാണ് പുതിയ പദവി നൗറീനെ തേടിയെത്തിയത്.
വൺസ്പാൻ, അസെൻസസ്, കാലിഫോർണിയ അക്കാഡമി ഒഫ് സയൻസസ്, സാൻഫ്രാൻസിസ്‌കോയിലെ കത്തീഡ്രൽ സ്‌കൂൾ ഫോർ ബോയ്സ്, ചാൾസ് ഷ്വാബ് ബാങ്ക് തുടങ്ങി ഒട്ടേറെ കമ്പനികളുടെ ഡയറക്‌ടർ സ്ഥാനവും നൗറീൻ ഹസൻ വഹിച്ചിട്ടുണ്ട്. പ്രിൻസ്‌റ്റൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ., സ്‌റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്‌റ്റർ ഒഫ് ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ ബിരുദങ്ങൾ നൗറീൻ കരസ്ഥമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |