തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഏശാതെ പോയ സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര അന്വേഷണ ഏജൻസികൾ പുതിയ മാനങ്ങളിലേക്ക് വളർത്തി കുരുക്ക് മുറുക്കുന്നത് ഇടതു നേതൃത്വത്തെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇതു മറികടക്കാൻ, തുടർഭരണം തടയാനുള്ള വിലകുറഞ്ഞ രാഷ്ട്രീയമാരോപിച്ച് അവർ പ്രത്യാക്രമണവും ആരംഭിച്ചതോടെ സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ തന്നെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു.
ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ ആക്ഷേപവുമായി കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് പിന്നാലെ, ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്കെതിരെ ഉയർന്ന ഐ ഫോൺ ആരോപണമാണ് സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയത്.
സത്യവാങ്മൂല വിവാദം, തിരഞ്ഞെടുപ്പ് ലാക്കാക്കി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടത്തുന്ന രാഷ്ട്രീയക്കളിയായാണ് സി.പി.എം വിലയിരുത്തുന്നത്. സ്വർണക്കടത്ത് കേസ് പ്രതിയുടേതായി മൂന്ന് മാസം മുമ്പ് നൽകപ്പെട്ട രഹസ്യമൊഴിയിൽ ഇക്കാലയളവിൽ യാതൊരു തുടർനടപടികളും എടുക്കാതെ ഇപ്പോൾ പൊടുന്നനെ അതെടുത്തിട്ടതിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നാണ് ആരോപണം. അതിനെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ കസ്റ്റംസ് ഓഫീസുകളിലേക്ക് ഇടതുമുന്നണി മാർച്ച് നടത്തിയത്. സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ കസ്റ്റംസിനെ കടന്നാക്രമിക്കുകയും ചെയ്തു. ഇടതു മുന്നണിയുടെ ആ പ്രതിരോധത്തിന് തടയിടുന്ന പ്രത്യാക്രമണമാണ് ഇന്നലെ ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലൂടെ കസ്റ്റംസ് നടത്തിയത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുകാരൻ നൽകിയ ഐ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് വിനോദിനിയെ ചോദ്യം ചെയ്യുന്നത്. ഇത് ഇടതുകേന്ദ്രങ്ങൾ പ്രതീക്ഷിച്ചതല്ല. കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണവും കസ്റ്റംസ് സത്യവാങ്മൂലവും വ്യാജസൃഷ്ടിയെന്ന് ആരോപിച്ച് തടയിടാമെങ്കിൽ, ഇതങ്ങനെയാവില്ല. ഡിജിറ്റൽ തെളിവാണ് കസ്റ്റംസ് കൊണ്ടുവന്നത്. ഇതിൽ അന്വേഷണവും തെളിവെടുപ്പും മുറുക്കിയാൽ പാർട്ടി വലിയ സമ്മർദ്ദത്തിലാവും.
ബി.ജെ.പിയുടെ വളർച്ചയ്ക്ക് ഇന്ധനമേകുന്നതാണ് അന്വേഷണ ഏജൻസികളുടെ നീക്കങ്ങളെന്ന് സി.പി.എം സംശയിക്കുന്നു. യു.ഡി.എഫ് അതിന് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് പ്രചാരണം ശക്തമാക്കാനാണവരുടെ നീക്കം.
എങ്കിലും കേന്ദ്ര ഏജൻസികളുടെ കരുനീക്കങ്ങൾ വരും ദിവസങ്ങളിൽ പല മാനങ്ങൾ കൈവരിക്കാമെന്നത്, തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയെ വല്ലാതെ സമ്മർദ്ദത്തിലാക്കും.
രാഷ്ട്രീയക്കളിയെന്ന് യു.ഡി.എഫും
കിഫ്ബിക്കെതിരായ ഇ.ഡി കേസും സ്വപ്നയുടെ രഹസ്യമൊഴി ആസ്പദമാക്കിയുള്ള കസ്റ്റംസ് സത്യവാങ്മൂലവും ഇപ്പോൾ ഇറക്കിയതിൽ രാഷ്ട്രീയക്കളി തിരിച്ചാരോപിക്കുകയാണ് യു.ഡി.എഫും. ഇടതുപക്ഷത്തിന് ഈ വിഷയങ്ങൾ പ്രചാരണായുധമാക്കാൻ ബി.ജെ.പി ചെയ്യുന്ന ഒത്താശയെന്നാണവരുടെ വ്യാഖ്യാനം. എങ്കിലും ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആക്ഷേപം തിരഞ്ഞെടുപ്പിൽ ശക്തമായ ആയുധമാക്കാമെന്നും കണക്കുകൂട്ടുന്നു.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബാധിക്കാത്ത ഈ വിവാദങ്ങൾ ഇപ്പോൾ കടുപ്പിക്കുന്നത് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും രക്തസാക്ഷി പരിവേഷം നൽകുമോയെന്ന തോന്നലും യു.ഡി.എഫിനുണ്ട്.
സന്തോഷ് ഈപ്പനെ അറിയില്ല. കണ്ടിട്ടുമില്ല, ഫോണിൽ സംസാരിച്ചിട്ടുമില്ല. എനിക്ക് ഫോൺ തന്നെന്ന് പറയുന്നത് കള്ളം. പണം കൊടുത്ത് വാങ്ങിയ ഫോണാണ് കൈയിലുള്ളത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ കസ്റ്റംസ് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല.
- വിനോദിനി
വിനോദിനിയെ അറിയില്ല. കോടിയേരിയുടെ കുടുംബവുമായി ഒരു പരിചയവുമില്ല. ഫോൺ നൽകിയത് സ്വപ്നയ്ക്കാണ്. സ്വപ്ന ഫോൺ ആർക്ക് നൽകിയെന്ന് അറിയില്ല. ചെന്നിത്തലയടക്കം ഒരു നേതാവിനും ഞാൻ ഫോൺ നൽകിയിട്ടില്ല.
- സന്തോഷ് ഈപ്പൻ
തിരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം സങ്കുചിത താല്പര്യങ്ങൾ സംരക്ഷിക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. ഇത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിക്കും ബി.ജെ.പിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കിക്കൊടുക്കാനുള്ള വിടുവേലയല്ലെങ്കിൽ മറ്റെന്താണ്?
- മുഖ്യമന്ത്രി പിണറായി വിജയൻ
കോടിയേരിയുടെ ഭാര്യ വിനോദിനിക്കെതിരെ ഉയർന്ന ആരോപണം വലുതാണ്. കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നെന്ന് ആദ്യം പറഞ്ഞത് സി.പി.ഐയാണ്. അത് സത്യമെന്ന് തെളിഞ്ഞിരിക്കുന്നു
- കാനം രാജേന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |