തിരുവനന്തപുരം: കെ. മുരളീധരൻ നിറഞ്ഞു നിന്ന വട്ടിയൂർക്കാവിൽ ഇളക്കി പ്രതിഷ്ഠ നടന്നത് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ. മുരളീധരൻ വടകരയിൽ നിന്ന് പാർലമെന്റിലേക്ക് പോയപ്പോൾ വട്ടിയൂർക്കാവ് പിടിക്കാനെത്തിയത് മേയർ ബ്രോ വി.കെ. പ്രശാന്ത്. അതൊരു പൊരിഞ്ഞ പോരാട്ടമായിരുന്നു. മണ്ഡലം കോൺഗ്രസിന്റെ കൈയിൽ നിന്ന് സി.പി.എമ്മിലേക്ക് തിരിഞ്ഞു. മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ് കച്ച മുറുക്കുമ്പോൾ മത്സരത്തിന് വീറും വാശിയുമേറും. തലസ്ഥാന നഗരയിലെ പ്രസ്റ്റീജ് മണ്ഡലമായിരുന്ന തിരുവനന്തപുരം നോർത്ത് 2011-ലാണ് രൂപമാറ്റം വന്ന് വട്ടിയൂർക്കാവായത്. കഴിഞ്ഞ നാലു പതിറ്രാണ്ടുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ. ആറ് തവണ സി.പി.എം വിജയിച്ചു. നാലു തവണ കോൺഗ്രസും. ബി.ജെ.പി കൈവരിച്ചിട്ടുള്ള നേട്ടം ചെറുതല്ല. നായർ, ക്രൈസ്തവ വിഭാഗങ്ങൾക്കാണ് മുൻതൂക്കം.
മണ്ഡല ചരിത്രം
1957ൽ വിളപ്പിൽ, നേമം മണ്ഡലങ്ങളിൽ ഉൾപ്പെട്ടിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരം നോർത്ത് മണ്ഡലമായും പിന്നെ വട്ടിയൂർക്കാവായും മാറിയത്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ പൊന്നറ ശ്രീധറാണ് വിളപ്പിൽ മണ്ഡലത്തിൽ ആദ്യ വിജയം കണ്ടത്. നേമത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എ. സദാശിവനും. 60-ൽ പൊന്നറ വിജയം ആവർത്തിച്ചപ്പോൾ, നേമത്ത് പി.എസ്.പിയിലെ വിശ്വംഭരൻ വിജയിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനുശേഷം 65-ൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ നേമത്ത് സി.പി.എമ്മുകാരനായ എ. സദാശിവൻ വീണ്ടും നിയമസഭയിലെത്തി. വിളപ്പിലിൽ എസ്.എസ്.പിയിലെ സി.എസ്.എൻ നായർക്കായിരുന്നു ജയം. 70-ൽ നേമത്ത് ജി. കുട്ടപ്പനും (പി.എസ്.പി), വിളപ്പിൽ എസ്. വരദരാജൻ നായരും (കോൺ) വിജയികളായി.
1977-ലാണ് നോർത്ത് മണ്ഡലത്തിന്റെ പിറവി. എൻ.ഡി.പിയിലെ കെ. രവീന്ദ്രൻനായർക്കായിരുന്നു വിജയം. മൂന്ന് വർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ. അനിരുദ്ധൻ മണ്ഡലം പിടിച്ചു. 82 ൽ ജി. കാർത്തികേയനെ ഇറക്കിപയറ്റിയപ്പോൾ അനിരുദ്ധനെ വിട്ട് കോൺഗ്രസിനൊപ്പം പോന്നു. 87,91,96 തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ ഗ്ളാമർ താരം എം. വിജയകുമാർ വിജയം ആവർത്തിച്ചുകൊണ്ടിരുന്നതോടെ ഇടതു മണ്ഡലമെന്ന പേര് വീണു. 2001-ലെ തിരഞ്ഞെടുപ്പിൽ വിജയകുമാറിന്റെ അശ്വമേധത്തിന് കടിഞ്ഞാണിട്ടത് കോൺഗ്രസിലെ കെ. മോഹൻകുമാർ. 2006-ൽ വിജയകുമാർ പകരം വീട്ടിയപ്പോൾ വീണ്ടും ഇടതു മണ്ഡലമായി. 2011 ലാണ് മണ്ഡലം വട്ടിയൂർക്കാവായി പരിണമിക്കുന്നത്. കോൺഗ്രസിനുവേണ്ടി ഇറങ്ങിയത് കെ. മുരളീധരൻ. എൽ.ഡി.എഫിന് ചെറിയാൻ ഫിലിപ്പ്. 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളീധരൻ ജയിച്ചു.
2016-ലാണ് വട്ടിയൂർക്കാവിൽ ത്രികോണ മത്സരം മിന്നിയത്. കെ. മുരളീധരനും സി.പി.എമ്മിലെ ടി.എൻ. സീമയും ബി.ജെ.പിയുടെ കുമ്മനംരാജശേഖരനും. 7622 വോട്ടുകൾക്ക് മുരളീധരൻ വിജയിച്ചു. കുമ്മനം രണ്ടാം സ്ഥാനത്തും സീമ മൂന്നാം സ്ഥാനത്തുമായി. 2019-ലെ ഉപതിരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് 14,465 വോട്ടുകൾക്ക് വിജയിച്ചപ്പോൾ, ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പാേയി.
സാദ്ധ്യത
വി.കെ. പ്രശാന്തിന് ഇളക്കമില്ല. നെതർലാൻഡ്സ് മുൻ അംബാസഡർ വേണുരാജാമണിയുടെ പേര് കേട്ടിരുന്നെങ്കിലും അദ്ദേഹം പിൻമാറി. നഗരസഭ മുൻപ്രതിപക്ഷ നേതാവ് ഡി. സുദർശനെ മുരളീധരൻ അടക്കമുള്ള നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന ജ്യോതിവിജയകുമാറാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പേര്. ബി.ജെ.പിയിൽ വി.വി. രാജേഷിന്റെ പേരാണ് കേൾക്കുന്നത്. അവസാന റൗണ്ടിൽ സുരേഷ് ഗോപിയേയും രംഗത്തിറക്കിയേക്കാം.
2019ൽ
വി.കെ.പ്രശാന്ത് (സി.പി.എം).....54,830
കെ.മോഹൻകുമാർ (കോൺ)...40,365
എസ്.സുരേഷ്(ബി.ജെ.പി).....27,453
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |