കൊച്ചി: കേരള പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്.സിക്ക് ജയം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നലെ വൈകിട്ട് 4ന് തുടങ്ങിയ മത്സരത്തിൽ യുണൈറ്റഡ് മൂന്ന് ഗോളുകൾക്ക് കോവളം എഫ്.സിയെ തകർത്തു.
യുണൈറ്റഡിനായി ബുജൈർ വള്ളിയാട്ട്,മൗസൂഫ് നൈസാൻ, മുഹമ്മദ് ഷഫീർ എന്നിവർ ലക്ഷ്യം കണ്ടു. ആദ്യ പകുതി ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ കേരള യുണൈറ്റഡ് മെല്ലെ ആധിപത്യം സ്ഥാപിച്ചു. അറുപതാം മിനുട്ടിൽ അവർ ആദ്യ ഗോളും കണ്ടെത്തി. കോർണറിൽ നിന്ന് ഉയർന്ന പന്ത് ബുജൈർ ഹെഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കോവളത്തിന്റെ ഗോൾവല വീണ്ടും കുലുങ്ങി. ഇടതു വിംഗിൽ നിന്ന് കേരള യുണൈറ്റഡ് ക്യാപ്ടൻ അർജുൻ ജയരാജ് നൽകിയ പാസ് സ്വീകരിച്ച് കുതിച്ച മൗസൂഫ് നൈസാൻ ഗോളിയെ വെട്ടിച്ച് പന്ത് വലയിൽ എത്തിച്ചു.
70-ാം മിനിട്ടിൽ മുഹമ്മദ് സഫീറിന്റെ ഒരു ഇടം കാലൻ ഷോട്ട് കേരള യുണൈറ്റഡിന്റെ ഗോൾ സ്കോർ മൂന്നായി ഉയർത്തി. മുൻ ഇന്ത്യൻ താരം ഐ.എം വിജയനാണ് കെ.പി.എൽ ഉദ്ഘാടനം ചെയ്തത്.
ഇന്ന് കെ.എസ്.ഇ.ബിയും കോതമംഗലം എം.എ ഫുട്ബോൾ അക്കാഡമിയും ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |