SignIn
Kerala Kaumudi Online
Sunday, 26 April 2026 8.20 AM IST

മഹാമാരികൾ ഒഴിഞ്ഞ നാടിന്റെ വോട്ട് ചിന്തകൾ

Increase Font Size Decrease Font Size Print Page
flood
മല്ലപ്പുഴശേരി കക്കാനാട്ട് വീട്ടിൽ രാമകൃഷ്ണൻ പ്രളയത്തിൽ ജലനിരപ്പ് ഉയർന്ന ഭാഗം ചൂണ്ടിക്കാട്ടുന്നു

ആറൻമുള : തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഒരുങ്ങുന്ന ആറൻമുളക്കാരുടെ മനസിൽ അവരുടെ ചില നൊമ്പരക്കാഴ്ചകളുണ്ട്. പമ്പയിലെ പ്രളയം സൃഷ്ടിച്ച മരണ മുനമ്പിൽ നിന്ന് ഉടുതുണിയോടെ മാത്രം രക്ഷപെട്ടവരാണ് അവർ.

മെല്ലെ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ നേരത്ത് മഹാമാരിയായി കൊവിഡ് എത്തിയപ്പോൾ വീണ്ടും പകച്ചു. രണ്ടു ദുരിതങ്ങളെയും നേരിട്ടവർ സഹായിച്ചവരെ ഇൗ തിരഞ്ഞെടുപ്പിൽ നന്ദിയോട‌െ ഒാർക്കുന്നു. ഒന്നും ലഭിക്കാതെ അവഗണന നേരിട്ടവർക്കുമുണ്ട് തീരാത്ത സങ്കടങ്ങൾ.

മല്ലപ്പുഴശേരി പഞ്ചായത്തിലെ രണ്ടാംവാർഡ് പമ്പയുടെ കരയാണ്. ഒറ്റനിലയുള്ള ഒാടിട്ട കൊച്ചു വീടുകളാണ് ഏറെയും. സ്കൂട്ടർ ഒഴികെയുള്ള വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത കരയിൽ നിന്നാണ് കുഞ്ഞുങ്ങളെയും വാരിയെടുത്ത് കഴുത്തറ്റം വെള്ളത്തിലൂടെ ജീവതത്തിലേക്ക് നീന്തിക്കയറിയത്.

സഹായിച്ചവരുടെ മുഖം മനസിലുണ്ട്

രാമകൃഷ്ണന്റെ കക്കാട് വീട് പ്രളയത്തിൽ മുങ്ങിയതാണ്. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ കൊണ്ടാണ് ഒാടിട്ട വീടിന്റെ മേൽക്കൂര ശരിയാക്കിയത്. അടിയന്തര സഹായമായി പതിനായിരം രൂപ ആദ്യം കിട്ടിയിരുന്നു. ''ഞങ്ങൾ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അവിടെ ഒരു കുറവുമുണ്ടായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അരിയും സാധനങ്ങളും കിട്ടി.''- രാമകൃഷ്ണൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ മനസിലുണ്ടാകുമെന്നാണ് രാമകൃഷ്ണൻ പറയുന്നത്. '' ജീവിതത്തിൽ ഇതിലും വലിയ ദുരന്തം വരാനില്ല. ആ സമയത്ത് സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിച്ചു. ഏതു പാർട്ടി ഭരിച്ചാലും അവർ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചോ എന്നാണ് നോക്കേണ്ടത് ''.

കല്ലാശേരി പറമ്പിൽ പ്രദീപും ഭാര്യ മായയും ഇതേ അഭിപ്രായക്കാരാണ്. വിഗ്രഹം നിർമിക്കുന്ന ജോലി ചെയ്യുന്ന പ്രദീപിന്റെ കുടുംബം പ്രളയകാലത്ത് വലിയ ദുരിതം നേരിട്ടവരാണ്. ജോലിക്ക് പോകാനായില്ല. ഭാര്യയും കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന് ആ സമയത്ത് ആശ്വാസമായത് സർക്കാരിന്റെയും സന്നദ്ധ സംഘടനകളു‌ടെയും സഹായങ്ങളാണ്. 'സഹായങ്ങളുമായി എത്തിയവരെ വോട്ട് ചെയ്യാൻ പോകുമ്പോൾ മറക്കാൻ കഴിയില്ല..' മായ പറഞ്ഞു.

വോട്ടു ചെയ്യാതെ പ്രതിഷേധം

കൃഷ്ണകൃപയിൽ കൃഷ്ണൻനായർക്ക് പറയാനുളളത് സർക്കാരിന്റെ അവഗണനയെപ്പറ്റിയാണ്. വീട്ടിൽ നിന്ന് വെള്ളം ഇറങ്ങിയപ്പോൾ മേൽക്കൂരയ്ക്കും തറയ്ക്കും വലിയ കേടുപാടുകൾ പറ്റി. ചെളിയും ഏക്കലും നീക്കം ചെയ്യാൻ ആരും എത്തിയില്ല. എല്ലാം തങ്ങൾ തന്നെ ചെയ്തു. ആകെ കിട്ടിയത് പതിനായരം രൂപ. വീട് താമസയോഗ്യമാക്കാൻ ഒരു ലക്ഷം രൂപ ചെലവായി. വീടിന്റെ കേടുപാടുകൾ തീർത്ത് പുതിയ ഫർണിച്ചറുകൾ വാങ്ങിയതിന് ഒന്നര ലക്ഷം രൂപയായി. തൊട്ടടുത്തുള്ള കൃഷ്ണൻനായരുടെ ബന്ധുവീട‌ിനും പ്രളയത്തിൽ വലിയ നഷ്ടമുണ്ടായി. അധികൃതരിൽ നിന്നുണ്ടായ അവഗണനയിൽ പ്രതിഷേധിച്ച് പാർലമെന്റിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും കൃഷ്ണൻനായരും കുടുംബവും വോട്ടു ചെയ്യാൻ പോയില്ല. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് മരുന്നും ഭക്ഷണ സാധനങ്ങളും ലഭിക്കാൻ വലിയ പ്രയാസം നേരിട്ടു. നിയസഭയിലേക്കും വോട്ടു ചെയ്യില്ലെന്ന് കൃഷ്ണൻ നായർ പറയുന്നു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.