ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിൽ മുനവച്ച ആരോപണ പ്രത്യാരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമതാ ബാനർജിയും.
ബംഗാളിൽ ദീദിയുടെ കളി കഴിഞ്ഞെന്നും ബി.ജെ.പി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ താനെത്തുമെന്നും താരകേശ്വറിലെ റാലിയിൽ മോദി പറഞ്ഞു.
ബി.ജെ.പിയുടെ വർഗീയ, വിഭജന കാർഡ് ബംഗാളിൽ ചെലവാകില്ലെന്ന് മമത തിരിച്ചടിച്ചു.
മമത മത്സരിച്ച നന്ദിഗ്രാമിൽ ബി.ജെ.പി വിജയമുറപ്പാക്കിയെന്ന് വ്യക്തമാക്കിയാണ് നരേന്ദ്രമോദി സംസാരിച്ച് തുടങ്ങിയത്.
'ദീദിയുടെ കളി കഴിഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ചോദ്യം ചെയ്യുന്ന തൃണമൂലിന്റേത് അമ്പയർക്കെതിരെ ആരോപണമുന്നയിക്കുന്ന കളിയാണ്. അവരുടെ കളിയിൽ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ബംഗാളിലെ ഭാഷയും ജനങ്ങളും വിഭവങ്ങളും മധുരാനുഭൂതിയുള്ളതാണ്. പക്ഷേ ദീദിക്ക് മാത്രം കയ്പു രസമാണ്. പത്തു വർഷത്തെ ഭരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് കാർഡാണ് മമതയ്ക്ക് കയ്പാകുന്നത്. സംസ്ഥാനത്ത് പഴയ വ്യവസായങ്ങൾ അടച്ചു പൂട്ടി. പുതിയത് തുടങ്ങാനുള്ള സാഹചര്യങ്ങളില്ല. ബംഗാളികൾ ജോലി അന്വേഷിച്ച് അലയുന്നു. വികസന വിരോധികളായ തൃണമൂൽ സിൻഡിക്കേറ്റ് ഹൂഗ്ളി നദിയെപ്പോലും മലിനപ്പെടുത്തി. താനും അമിത്ഷായും വരത്തൻമാരാണെന്ന മമതയുടെ പ്രയോഗത്തെ പ്രതിരോധിക്കാൻ ബംഗാളിൽ മണ്ണിന്റെ മകൻ മുഖ്യമന്ത്രിയാകുമെന്നും" മോദി പറഞ്ഞു.
ബി.ജെ.പി അധികാരത്തിൽ വരുന്നതിനാൽ മമത മറ്റു സ്ഥലങ്ങൾ തേടുകയാണെന്നും തന്റെ മണ്ഡലമായ വാരാണസിയിലേക്ക് സ്വാഗതമെന്നും മോദി പരിഹസിച്ചു.
പണം നൽകിയാണ് ബി.ജെ.പി റാലികളിൽ ആളെക്കൂട്ടുന്നതെന്ന് നോർത്ത് 24 പർഗനാസിലെ റാലിയിൽ മമത ആരോപിച്ചു.
'ബംഗാൾ ജനതയെ അപമാനിക്കുകയാണവർ. ബ്രിട്ടീഷുകാരുടെ മുന്നിൽ പോലും വഴങ്ങാതിരുന്ന ബംഗാൾ ജനതയെ വിലയ്ക്ക് വാങ്ങാനാകില്ല. ബി.ജെ.പി വർഗീയ-വിഭജന കാർഡ് ഇറക്കി കളിക്കുകയാണ്. അവരെ സഹായിക്കുന്ന ഹൈദരാബാദി പാർട്ടികളുടെ വലയിൽ ന്യൂനപക്ഷങ്ങൾ വീഴരുതെന്നും' മമത പറഞ്ഞു.
മുസ്ളീം വോട്ടുകൾ ലക്ഷ്യമിടുന്ന അസസുദ്ദീൻ ഓവൈസിയുടെ എ.ഐ.എം.ഐ.എം, ബി.ജെ.പിയെ സഹായിക്കുമെന്നാണ് മമത നൽകിയ സൂചന.
ഹിന്ദുവോട്ടർമാരെ സ്വാധീനിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ മുന്നിൽ കണ്ട് താനും ഒരു ദൈവഭക്തിയുള്ള ഹിന്ദുവാണെന്ന് മമത പറഞ്ഞു. ദിവസവും വീട്ടിൽ നിന്നിറങ്ങും മുമ്പ് താൻ ദുർഗാ മന്ത്രം ചൊല്ലാറുണ്ട്. പക്ഷേ, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന സംസ്കാരത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |