ബ്രസീലിനെയും അമേരിക്കയെയും മറികടന്നു
ന്യൂഡൽഹി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെയും അമേരിക്കയെയും മറികടന്ന് ഇന്ത്യ ലോകത്ത് ഒന്നാമതായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 89,129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സെപ്തംബർ 20ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്. സെപ്തംബർ 20ന് 92,605 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 2ന് ബ്രസീലിൽ 69,662 പേർക്കും അമേരിക്കയിൽ 70,024 പേർക്കുമാണ് കൊവിഡ് ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 714 പേർ കൂടി മരിച്ചു. നവംബറിന് ശേഷമുള്ള ഉയർന്ന കണക്കാണിത്. 44,202 പേരാണ് രോഗമുക്തരായത്.
മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, ഡൽഹി, തമിഴ്‌നാട്, യു.പി, പഞ്ചാബ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെകൂടുകയാണ്. രാജ്യത്തെ പ്രതിദിന രോഗികളിൽ 81 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗ സംഖ്യ ഉയർന്നു നിൽക്കുകയാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 47,913 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 4991 പേർക്കും ഛത്തീസ്ഗഡിൽ 4174 പേർക്കും രോഗബാധ കണ്ടെത്തി.
രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6.58 ലക്ഷമായി ഉയർന്നു. ആകെ രോഗബാധിതരുടെ 5.32 ശതമാണിത്.
മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ആക്ടീവ് കേസുകളുടെ 77.3 ശതമാനവും.
പൂനെ, മുംബയ്, നാഗ്പൂർ, താനെ, നാസിക്, ബംഗളൂരു, അർബൻ, ഔറംഗബാദ്, ഡൽഹി, അഹമ്മദ്‌നഗർ, നന്ദേഡ് എന്നീ പത്ത് ജില്ലകളിലാണ് രാജ്യത്തെ ആക്ടീവ് കേസുകളുടെ പകുതിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് കുത്തിവച്ച കൊവിഡ് വാക്‌സിൻ ഡോസുകളുടെ എണ്ണം 7.3 കോടി കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |