ആറന്മുള: പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആറൻമുളയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിജു മാത്യു. പ്രധാനമന്ത്രിയെ കണ്ടശേഷം ബിജുച്ചായന് പ്രചാരണത്തിന്റെ ഊർജ്ജവും ആവേശവും പതിന്മടങ്ങ് വർദ്ധിച്ചതായി ഭാര്യ മേഴ്സി അഭിമാനത്തോടെ പറഞ്ഞു. പാലക്കാടുകാരിയായ മേഴ്സിയുടെ കുടുംബത്തിന് രാഷ്ട്രീയ പാരമ്പര്യമില്ലെങ്കിലും ഇവിടെ ഭർത്താവിന്റെ രാഷ്ട്രീയ കാര്യങ്ങളോട് ഇഷ്ടം കൂടുതലാണ്. ഉള്ളന്നൂർ പുത്തൻപറമ്പിൽ വീടിന് സമീപം ആര്യാട്ട് മോടിയിൽ കഴിഞ്ഞ ദിവസം നാട്ടുകാരും പാർട്ടി പ്രവർത്തകരും നൽകിയ സ്വീകരണത്തിലുണ്ടായ ജനപങ്കാളിത്തം ആ രാഷ്ട്രീയ അഭിമാനത്തിന് അടിവരയിടുന്നതായിരുന്നു. കർഷക കുടുംബമാണ് ബിജുവിന്റേത്. മികച്ച കാർഷിക വൃത്തിക്ക് ഉള്ളന്നൂർ ഓർത്തഡോക്സ് പള്ളി യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ ' കർഷക തിലകം' പുരസ്കാരം നേടിയ ആളാണ് ബിജുവിന്റെ അച്ഛൻ മാത്യു. അമ്മ തങ്കമ്മയും സഹായത്തിനുണ്ട്. ബിജുവിന്റെ സഹോദരൻ യു.കെയിലുള്ള സോണി മാത്യുവും ജ്യേഷ്ഠന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ത്രില്ല് പങ്കിടാൻ ദിവസവും വിഡിയോ കോൾ ചെയ്യുന്നു. നാട്ടുകാര്യത്തിന് പുറമെ വീട്ടിലെ കൃഷി കാര്യങ്ങളിലും ബിജു തത്പരനാണ്. മകൾ അന്നയുടെ ഇഷ്ടപ്രകാരം ആടിനെ വാങ്ങി, ഇപ്പോൾ ഫാം തുടങ്ങാനുള്ള ലക്ഷ്യത്തിലെത്തി നിൽക്കുന്നു. 6 ആടുകൾക്കു പുറമെ ഇപ്പോൾ കോഴി വളർത്തലും തകൃതി. വുഡോഫ് എന്നു പേരിട്ടിരിക്കുന്ന പേർഷ്യൻ ഇനം പൂച്ചയാണ് മകളുടെ കൂട്ടുകാരൻ. അന്നയുടെ ഇഷ്ടപ്രകാരം അച്ഛൻ വാങ്ങി നൽകിയതാണെന്നു പറഞ്ഞപ്പോഴേക്കും വുഡോഫ് ഒരു പാച്ചിലാണ് മുറ്റത്തേക്ക്. കൂട്ടുകാരുടെ മാതാപിതാക്കളോട് അച്ഛന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ അന്ന ഇപ്പോൾ. മാറ്റം വേണമെന്നാണ് ആൾക്കാർ പറയാറ്. വിജയിക്കാൻ പ്രാർത്ഥന ഞങ്ങൾക്ക് കൂട്ടായുണ്ട്.' ബിജു മാത്യുവിന്റെ ഏക മകൾ അന്നയുടെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം. ഇഡ്ഡലിയും ദോശയും പുഴുക്കുമാണ് ബിജുവിന്റെ ഇഷ്ട ഭക്ഷണം. മീനും ഇറച്ചിയും ഇല്ലെങ്കിലും ഉച്ചയ്ക്ക് ചോറ് നിർബന്ധം. പ്രചാരണ കാലമായതിനാൽ രാവിലെ ഇഡ്ഡലിയോ അല്ലെങ്കിൽ ദോശയോ ആണ് മെനു. പ്രസംഗത്തിലെ വാക്കുകൾക്ക് 'എരിവും പുളിയും' കിട്ടാൻ രാവിലെ അദ്ദേഹം മുളക് ചമ്മന്തി കൂടി ആവശ്യപ്പെടുന്നുണ്ടെന്ന് മേഴ്സി ചെറുപുഞ്ചിരിയോടെ പറഞ്ഞു. ആളുകൾ എപ്പോൾ സഹായം ആവശ്യപ്പെട്ടാൽ വീട്ടിലെ കാര്യം ബിജുവിന് രണ്ടാമതാണെന്ന് മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |