കൊച്ചി: അരൂർ മണ്ഡലത്തിൽ ഇരട്ടവോട്ടുകളേറെയുണ്ടെന്ന് ആരോപണമുള്ള 39 ബൂത്തുകളിൽ വീഡിയോഗ്രാഫിയോ വെബ്കാസ്റ്റിംഗോ ഏർപ്പെടുത്തുന്ന കാര്യം ഇലക്‌ഷൻ കമ്മിഷൻ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇവിടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നിർദ്ദേശം.
നേരത്തെ ഇൗയാവശ്യം ഉന്നയിച്ച് ചീഫ് ഇലക്ടറൽ ഒാഫീസർക്കും റിട്ടേണിംഗ് ഒാഫീസർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
മണ്ഡലത്തിൽ 6000 ത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ഇവിടെ ഷാനിമോൾ രണ്ടായിരത്തോളം വോട്ടുകൾക്കാണ് വിജയിച്ചത്. ആ നിലയ്ക്ക് 6000 ഇരട്ടവോട്ടുകൾ തിരഞ്ഞെടുപ്പു ഫലം നിർണയിക്കുന്നതിൽ മുഖ്യ ഘടകമാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അവധിദിനമായിട്ടും ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് സിംഗിൾബെഞ്ച് വാദം കേട്ടത്.
അരൂർ മണ്ഡലത്തിലെ 46 ശതമാനം ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും വീഡിയോഗ്രാഫർമാരെ നിയോഗിച്ചിട്ടുണ്ടെന്നും ഇലക്‌ഷൻ കമ്മിഷൻ വിശദീകരിച്ചു. പ്രശ്നബാധിത ബൂത്തുകളെന്ന് ആശങ്കയുള്ളവയുടെ വിവരങ്ങൾ നൽകാൻ സ്ഥാനാർത്ഥികൾക്ക് സമയം നൽകിയിരുന്നു. ബൂത്തുകളിൽ സ്ഥാനാർത്ഥിയുടെ ചെലവിൽ വീഡിയോഗ്രാഫർമാരെ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |