തൃക്കാക്കര (കൊച്ചി): മുട്ടാർപുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ പൊലീസ് തേടുന്ന പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹന്റെ ഒളിവിൽപ്പോയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. വൈഗ മരിക്കുന്നതിന് മുമ്പ് നിരവധി തവണ സാനു മോഹൻ ഈ സുഹൃത്തിനെ വിളിച്ചതായി ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി സുഹൃത്തിനെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു അന്വേഷണസംഘമെങ്കിലും സൂചനകളൊന്നും തന്നെ ലഭിച്ചില്ല. പൂനെയിൽ ബിസിനസ് നടത്തിയിരുന്നപ്പോഴുള്ള ബന്ധമാണ് ഇവർ തമ്മിലെന്നാണ് സൂചന. വൈഗയുടെ മരണത്തിന് ശേഷം ഒളിവിൽ പോയ സാനുവിനെ സഹായിക്കുന്നത് ഈ സുഹൃത്താണെന്നാണ് പൊലീസ് കരുതുന്നത്.
ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സാനുമോഹന്റെ സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചത്.കഴിഞ്ഞ ആഴ്ച ചെന്നൈയിലെ മൊബൈൽ ടവറിന്റെ പരിധിയിലായിരുന്നു ഇയാൾ. തുടർന്ന് തൃക്കാക്കര എസ്.ഐയും സംഘവും ചെന്നൈയിൽ എത്തി വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോയമ്പത്തൂരിലും ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെയും ടവർ ലൊക്കേഷനാണ് ലഭിച്ചത്. ടവർ ലൊക്കേഷനുകൾ മാറിമാറി കാണിച്ചതോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം ഇവിടങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. തൃക്കാക്കര എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസമായി ചെന്നൈയിൽ ക്യാമ്പ് ചെയ്യുകയാണ്. അതേസമയം, സുഹൃത്തിന്റെ ഫോൺ ഉപയോഗിക്കുന്നത് സാനു മോഹനാണോയെന്നും പൊലീസിന് സംശയമുണ്ട്.
പൂനെയിൽ ലെയ്ത്ത് ബിസിനസ് നടത്തിവന്ന സാനു 2015ൽ ബിസിനസ് തകർന്നപ്പോൾ പലരിൽ നിന്ന് പണം കടം വാങ്ങി. തിരിച്ചടയ്ക്കാനായി 20 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്ന് ഇത് പിടിച്ചു. 16 ലക്ഷം രൂപ കിട്ടി. എന്നാൽ പണം തിരിച്ചടയ്ക്കാനാകാതെ വന്നപ്പോൾ സെക്യൂരിറ്റിയായി കൊടുത്ത ചെക്കുകൾ മടങ്ങി. ഫിനാൻസ് സ്ഥാപനം കേസ് കൊടുത്തപ്പോഴാണ് വാടകയ്ക്ക് താമസിച്ചിടത്തുനിന്ന് അർദ്ധരാത്രി വീട്ടുസാധനങ്ങൾ പോലും എടുക്കാതെ കുടുംബം നാടുവിട്ടത്. ഇത് കൂടാതെ സാനുമോഹൻ ഭാര്യ രമ്യ അറിയാതെ അവരുടെ പേരിലുളള ഫ്ളാറ്റ് വലിയ തുകയ്ക്ക് ഒരു സ്വകാര്യ ബാങ്കിൽ പണയം വയ്ക്കുകയും ചെയ്തു. എന്നാൽ ജില്ലയിലെ പ്രധാന ബാങ്കുകളിലെല്ലാം അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |