തിരുവനന്തപുരം: വോട്ടെല്ലാം പെട്ടിയിലായപ്പോൾ കേരളം എങ്ങോട്ട് ചായുമെന്നതിൽ ഒരുറപ്പുമില്ലാതെ മുന്നണികൾ കൺഫ്യൂഷനിലാണ്. വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നെങ്കിലും പോളിംഗ് ശതമാനം പ്രതീക്ഷിച്ചത് പോലെ ഉയരാത്തതിൽ നേതാക്കൾക്കെല്ലാം ആശങ്കയുണ്ട്. ഏത് മുന്നണിയായാലും 65- 75 എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തരംഗമുണ്ടായാൽ അതിനപ്പുറത്തേക്ക് വലിയ മുന്നേറ്റം ആരും നടത്താം. മത, ന്യൂനപക്ഷ ധ്രുവീകരണം ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ സംഭവിക്കുമോയെന്നും കണ്ടറിയണം. അടിയൊഴുക്കുകളിലുമുണ്ട് ആശങ്കകളും പ്രതീക്ഷകളും.അവസാന കൂട്ടിക്കിഴിക്കലുകളിൽ എൻ.ഡി.എ മൂന്ന് മുതൽ ഏഴ് വരെ മണ്ഡലങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. അതിൽ പ്രധാനം നേമം. വട്ടിയൂർക്കാവ്, കഴക്കൂട്ടം, കോന്നി, തൃശൂർ, മലമ്പുഴ, മഞ്ചേശ്വരം എന്നിവയാണ് മറ്റുള്ളവ. പാലക്കാട്ടുമുണ്ട് നേരിയ പ്രതീക്ഷ. എത്രത്തോളം കിട്ടുമെന്നത് കണ്ടറിയേണ്ടതാണ്. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബി.ജെ.പി പത്രികകൾ തള്ളപ്പെട്ടതുതന്നെ അവർ ഈ തിരഞ്ഞെടുപ്പിന് വലിയ ഗൗരവം കാട്ടിയില്ലെന്നതിന്റെ തെളിവായി മറ്റ് മുന്നണികൾ ആരോപിക്കുന്നുണ്ട്.തലശേരിയിലും ഗുരുവായൂരിലും പോളിംഗ് കുറഞ്ഞതും ചർച്ചയാണ്.മദ്ധ്യ തിരുവിതാംകൂറിലെ രാഷ്ട്രീയമാറ്റങ്ങൾ, ക്രൈസ്തവ സമുദായത്തിലെ ചലനങ്ങൾ ഇവയിലേക്കും മുന്നണികൾ ഉറ്റുനോക്കുന്നു. ചതുഷ്കോണമത്സരമുള്ള എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിൽ ട്വന്റി-20 സാദ്ധ്യതകളും തള്ളിക്കളയാനാകില്ല.എല്ലാവരും ഉറ്റുനോക്കുന്ന നേമം ഉൾപ്പെടെ 27 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ചാണ് മത്സരം.തിരുവനന്തപുരം ഒഴിച്ചുള്ള തീരദേശമേഖലകളിലെ പോളിംഗും ചർച്ചയായിട്ടുണ്ട്.
ഈ മണ്ഡലങ്ങൾ നിർണായകം
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 25 മണ്ഡലങ്ങളിലെ ജനവിധി ഭരണമാറ്റമോ ഭരണത്തുടർച്ചയോ നിശ്ചയിക്കുന്നതിൽ നിർണായകമാകും. അവ ഇങ്ങനെ:ഉദുമ, അഴീക്കോട്, കൂത്തുപറമ്പ്, കല്പറ്റ, കൊയിലാണ്ടി, പൊന്നാനി, തവനൂർ, തൃത്താല, പാലക്കാട്, കുന്നംകുളം, ഒല്ലൂർ, ഇരിങ്ങാലക്കുട, കുന്നത്തുനാട്, ഇടുക്കി, പാലാ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, ആറന്മുള, കോന്നി, കൊല്ലം, കുണ്ടറ, നേമം, പാറശാല, നെയ്യാറ്റിൻകര.
മുന്നണികളുടെ പ്രതീക്ഷകൾ:
കാസർകോട്:
യു.ഡി.എഫ്: മഞ്ചേശ്വരം, കാസർകോട്, ഉദുമ
എൽ.ഡി.എഫ്: ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്.
എൻ.ഡി.എ: മഞ്ചേശ്വരം.
കണ്ണൂർ
യു.ഡി.എഫ്: ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, കൂത്തുപറമ്പ്, അഴീക്കോട്, തലശേരി
എൽ.ഡി.എഫ്: പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം, അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ.
വയനാട്
യു.ഡി.എഫ്: സുൽത്താൻ ബത്തേരി, മാനന്തവാടി, കല്പറ്റ.
എൽ.ഡി.എഫ്: കല്പറ്റ, മാനന്തവാടി.
കോഴിക്കോട്
യു.ഡി.എഫ്: വടകര, കുറ്റ്യാടി, കൊയിലാണ്ടി, കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി
എൽ.ഡി.എഫ്: കുറ്റ്യാടി, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്നമംഗലം.
മലപ്പുറം
യു.ഡി.എഫ് : കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ
എൽ.ഡി.എഫ്: പൊന്നാനി, തവനൂർ, നിലമ്പൂർ, താനൂർ, തിരൂരങ്ങാടി.
പാലക്കാട്
യു.ഡി.എഫ്: തൃത്താല, ഒറ്റപ്പാലം, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ
എൽ.ഡി.എഫ്: തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ.
എൻ.ഡി.എ: മലമ്പുഴ, പാലക്കാട്.
തൃശൂർ
യു.ഡി.എഫ്: കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, കയ്പമംഗലം, ഇരിങ്ങാലക്കുട, ചാലക്കുടി
എൽ.ഡി.എഫ്: ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ.
എറണാകുളം:
യു.ഡി.എഫ്: പെരുമ്പാവൂർ, അങ്കമാലി, ആലുവ, കളമശ്ശേരി, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ
എൽ.ഡി.എഫ്: അങ്കമാലി, വൈപ്പിൻ, കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം.
ട്വന്റി 20: കുന്നത്തുനാട്.
ഇടുക്കി
യു.ഡി.എഫ്: തൊടുപുഴ, ഇടുക്കി, പീരുമേട്
എൽ.ഡി.എഫ്: ദേവികുളം, ഉടുമ്പഞ്ചോല, ഇടുക്കി, പീരുമേട്.
കോട്ടയം
യു.ഡി.എഫ്: പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ.
എൽ.ഡി.എഫ്: പാലാ, വൈക്കം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി.
പി.സി. ജോർജ്: പൂഞ്ഞാർ
ആലപ്പുഴ
യു.ഡി.എഫ്: ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം.
എൽ.ഡി.എഫ്: അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ.
പത്തനംതിട്ട:
യു.ഡി.എഫ്: റാന്നി, ആറന്മുള, കോന്നി, അടൂർ
എൽ.ഡി.എഫ്: തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ.
കൊല്ലം
യു.ഡി.എഫ്: കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ, കുണ്ടറ, കൊല്ലം, പത്തനാപുരം.
എൽ.ഡി.എഫ്: കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, ചടയമംഗലം, ചാത്തന്നൂർ, ഇരവിപുരം, കുണ്ടറ, കൊല്ലം.
തിരുവനന്തപുരം
യു.ഡി.എഫ്: നെടുമങ്ങാട്, തിരുവനന്തപുരം, അരുവിക്കര, പാറശാല, കോവളം, നെയ്യാറ്റിൻകര, വർക്കല, നേമം
എൽ.ഡി.എഫ്: വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര, നേമം.
എൻ.ഡി.എ: നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം.
അനുകൂലഘടകങ്ങൾ
എൽ.ഡി.എഫ്
1. താഴെത്തട്ടിൽ വരെ അനുകൂലപ്രതികരണത്തിനിടയാക്കിയ ക്ഷേമപെൻഷൻ, ഭക്ഷ്യകിറ്റ് വിതരണപരിപാടികളും ദുരന്തകാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളും
2. പൗരത്വഭേദഗതി വിഷയത്തിൽ അനുകൂലമായേക്കാവുന്ന മതന്യൂനപക്ഷ ധ്രുവീകരണസാദ്ധ്യത. പിണറായിസർക്കാർ നടത്തിയ ഇടപെടലുകളും കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന തോന്നലുകളും.
3.കേരള കോൺഗ്രസ്-എമ്മിന്റെ വരവോടെ മദ്ധ്യതിരുവിതാംകൂറിൽ കിട്ടിയേക്കാവുന്ന മേൽക്കൈ.
4. എറണാകുളത്തെ ട്വന്റി-20 സാന്നിദ്ധ്യം യു.ഡി.എഫിന്റെ പരമ്പരാഗത ശക്തിയെ ക്ഷയിപ്പിച്ചേക്കാമെന്ന കണക്കുകൂട്ടൽ.
5. പുതുമുഖങ്ങളെ അണിനിരത്തിയുള്ള സ്ഥാനാർത്ഥിപട്ടിക.
യു.ഡി.എഫ്
1. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ ക്രിസ്ത്യൻ, മുസ്ലിം അനുകൂല ധ്രുവീകരണം. ഇത്തവണയും യു.ഡി.എഫ് പ്രതിപക്ഷത്തായാൽ കോൺഗ്രസ് തകരുമോയെന്ന ആശങ്ക ന്യൂനപക്ഷമനസുകളെ സ്വാധീനിച്ചേക്കാമെന്ന കണക്കുകൂട്ടൽ.
2. നാല്പതിലേറെ വരുന്ന തീരദേശ മണ്ഡലങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദം സൃഷ്ടിച്ചേക്കാം.
3. പുതുമുഖങ്ങളടങ്ങിയതും മികച്ചതെന്ന് ചർച്ചയായതുമായ സ്ഥാനാർത്ഥി പട്ടിക
4. ഇരട്ടവോട്ട് ക്രമക്കേട് തുറന്നുകാട്ടുക വഴി കള്ളവോട്ട് ഒരുപരിധി വരെ തടയിടാനായെന്ന തോന്നൽ.
5. സർക്കാരിനെതിരായ മറ്റ് അഴിമതിയാരോപണങ്ങൾ.
6. വോട്ടെടുപ്പ് ദിനത്തിൽ ഉയർന്ന ശബരിമലവിവാദം
എൻ.ഡി.എ
1. കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ കാട്ടിയുള്ള പ്രചരണങ്ങൾ.
2. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും അടക്കമുള്ള നേതാക്കളുടെ വരവ്.
3. മെട്രോമാൻ ഇ. ശ്രീധരനും ചലച്ചിത്രതാരം സുരേഷ് ഗോപിയുമടക്കമുള്ള താരപരിവേഷമുള്ളവരെ അണിനിരത്തിയുള്ള സ്ഥാനാർത്ഥിപട്ടിക.
4. മദ്ധ്യതിരുവിതാംകൂറിൽ ക്രൈസ്തവമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ധ്രുവീകരണചലനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |