കൊച്ചി: പലിശനിരക്കുകളിൽ മാറ്റമില്ലെങ്കിലും സാമ്പത്തിക ഞെരുക്കം മറികടക്കാനും ജി.ഡി.പിയുടെ കരകയറ്റത്തിന് ഊർജം പകരാനുമുള്ള പ്രഖ്യാപനങ്ങളാൽ സമ്പന്നമാണ് റിസർവ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ച, നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ആദ്യ ധനനയം. കൊവിഡിന്റെ രണ്ടാംതരംഗം ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും നടപ്പുവർഷം ഇന്ത്യൻ ജി.ഡി.പി 10.5 ശതമാനം വളരുമെന്ന മുൻ പ്രഖ്യാപനത്തിൽ ഇന്നലെയും റിസർവ് ബാങ്ക് ഉറച്ചുനിന്നു.
നടപ്പുപാദത്തിൽ (ഏപ്രിൽ-ജൂൺ) പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച 26.2 ശതമാനമാണ്. ജൂലായ്-സെപ്‌തംബറിൽ 8.3 ശതമാനം, ഒക്‌ടോബർ-ഡിസംബറിൽ 5.4 ശതമാനം, ജനുവരി-മാർച്ചിൽ 6.2 ശതമാനം എന്നിങ്ങനെയും വളർച്ച പ്രതീക്ഷിക്കുന്നു. ജി.ഡി.പി വളർച്ച നേട്ടത്തിലേക്ക് തിരിച്ചുകയറുംവരെ പലിശഭാരം കുറയ്ക്കാൻ സന്നദ്ധമായ 'അക്കോമഡേറ്റീവ്" നിലപാട് തുടരാനും ഇന്നലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനും ഡെപ്യൂട്ടി ഗവർണർ ഡോ.മൈക്കൽ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. മൃദുൽ സഗ്ഗർ, സ്വതന്ത്ര അംഗങ്ങളായ ഡോ. ശശാങ്ക ഭീഡെ, ഡോ. ആഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ എന്നിവർ അംഗങ്ങളുമായ ധനനയ നിർണയ സമിതി ഐകകണ്ഠ്യേന വോട്ട് ചെയ്‌തു.
മാറാതെ നിരക്കുകൾ
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
എം.എസ്.എഫ് : 4.25%
ബാങ്ക് റേറ്റ് : 4.25%
സി.ആർ.ആർ : 3.50%
എസ്.എൽ.ആർ : 18.00%
കരകയറുന്ന
ജി.ഡി.പി
(വളർച്ചാ പ്രതീക്ഷകൾ)
2021-22 : 10.5%
ഏപ്രിൽ-ജൂൺ : 26.2%
ജൂലായ് - സെപ്തം : 8.3%
ഒക്‌ടോ.ഡിസം. : 5.4%
ജനുവരി - മാർച്ച് : 6.2%
ആശങ്കയുടെ പെരുപ്പം
(നാണയപ്പെരുപ്പം സംബന്ധിച്ച വിലയിരുത്തൽ)
2020 ജനുവരി - മാർച്ച് : 5.0%
2021 ഏപ്രിൽ-ജൂൺ : 5.2%
ജൂലായ് - സെപ്തം. : 5.2%
ഒക്‌ടോ-ഡിസം. : 4.4%
ജനുവരി-മാർച്ച് : 5.1%
(നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയായാലേ പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകൂ).
സംസ്ഥാനങ്ങൾക്ക് ആശ്വാസം
കൊവിഡിൽ നികുതിവരുമാനം ഉൾപ്പെടെ താളംതെറ്റിയ സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസം പകരുന്നതാണ് കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാവുന്ന വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ് (ഡബ്ള്യു.എം.എ) പരിധി ഉയർത്തിയ നടപടി. 32,225 കോടി രൂപയിൽ നിന്ന് 46 ശതമാനം വർദ്ധനയോടെ 47,010 കോടി രൂപയായാണ് പരിധി ഉയർത്തിയത്. കേരളത്തിന് ഉൾപ്പെടെ ആശ്വാസമാണിത്.
കൊവിഡിൽ പ്രഖ്യാപിച്ച ഇടക്കാല ഡബ്ള്യു.എം.എയായ 51,560 കോടി രൂപ കടമെടുക്കാനുള്ള കാലാവധി ഏപ്രിൽ ഒന്നിൽ നിന്ന് സെപ്‌തംബർ 30 വരെ നീട്ടിയതും നേട്ടമാണ്.
കടപ്പത്രങ്ങളിലൂടെ
ഒരുലക്ഷം കോടി
സർക്കാർ കടപ്പത്രങ്ങൾ വാങ്ങുന്നതിലൂടെ (ജി-സാപ് 1.0) ഏപ്രിൽ-ജൂൺപാദത്തിൽ ഒരുലക്ഷം കോടി രൂപ പൊതു വിപണിയിലിറക്കും. ആദ്യഘട്ടമായി ഏപ്രിൽ 15ന് 25,000 കോടി രൂപയുടെ കടപ്പത്രങ്ങൾ വാങ്ങും. മറ്റ് കടപ്പത്ര വാങ്ങൽ പദ്ധതിയായ ടി.എൽ.ടി.ആർ.ഒയുടെ കാലാവധി മാർച്ച് 31ൽ നിന്ന് സെപ്‌തംബർ 30വരെ നീട്ടിയിട്ടുമുണ്ട്.
മറ്റ് പ്രധാന
പ്രഖ്യാപനങ്ങൾ
ഗ്രാമീണ, കാർഷിക, ചെറുകിട വ്യവസായ, ചെറുകിട ഭവന നിർമ്മാണ, മൈക്രോഫിനാൻസ് മേഖലകളിൽ പണലഭ്യത ഉറപ്പാക്കാൻ നബാർഡിന് 25,000 കോടി രൂപ, സിഡ്‌ബിക്ക് 15,000 കോടി രൂപ, എൻ.എച്ച്.ബിക്ക് 10,000 കോടി രൂപ.
പേമെന്റ് ബാങ്കുകൾക്ക് വ്യക്തികളിൽ നിന്ന് സ്വീകരിക്കാവുന്ന നിക്ഷേപപരിധി ഒരുലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കി.
ആർ.ടി.ജി.എസ്., എൻ.ഇ.എഫ്.ടി സേവനങ്ങൾ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും ഇനി ലഭിക്കും.
പ്രീപെയ്ഡ് കാർഡ്, എ.ടി.എം ഓപ്പറേറ്റർമാർ എന്നിവർക്കും ഇത് പ്രയോജനപ്പെടുത്താം.
പ്രീപെയ്ഡ് പേമെന്റ് ഇൻസ്‌ട്രുമെന്റ് (പി.പി.ഐ) അഥവാ മൊബൈൽ വാലറ്റ് ബാലൻസ് പരിധി ഒരുലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കി. ഫുൾ-കെ.വൈ.സി അധിഷ്‌ഠിത അക്കൗണ്ടുകൾക്കാണ് ബാധകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |