ഇന്ത്യൻ വിഭവങ്ങൾക്ക് ലോകമെമ്പാടും ആരാധകരേറെയാണ്. ഇന്ത്യൻ പാചകരീതികൾ പഠിക്കാനും വിഭവങ്ങൾ ആസ്വദിക്കാനുമായി ഇന്ത്യയിലേക്ക് വരുന്ന ഫുഡ് ബ്ലോഗർമാരുടെയും ഭക്ഷണപ്രേമികളുടെയും എണ്ണം അടുത്തകാലത്ത് വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലാകമാനം സഞ്ചരിച്ച് ഭക്ഷണങ്ങളെപ്പറ്റി അവർ തയ്യാറാക്കിയിട്ടുളള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെയുണ്ട്. എന്തിനേറെ പറയുന്നു അവർ കേരളത്തിൽ പോലും എത്തിയിട്ടുണ്ടെന്നതും ഇവിടുത്തെ തനത് വിഭവങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
നിരവധി അന്താരാഷ്ട്ര താരങ്ങൾ ഇന്ത്യൻ വിഭവങ്ങളോടുളള ഇഷ്ടം തുറന്ന് സമ്മതിച്ചിട്ടുണ്ട്. അവർ വിഭവങ്ങൾ തയ്യാറാക്കാൻ ശ്രമിക്കുന്നതും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പാചക കസർത്ത് നടത്തിയതും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. നടനും നിർമ്മാതാവുമായ മിണ്ടി കലിംഗും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും മസാല ദോശ പാചകം ചെയ്തപ്പോൾ ഷെഫ് പത്മ ലക്ഷ്മി തന്റെ സ്വന്തം റെസിപ്പിയായ പുളി ചോറിനുള്ള പാചകക്കുറിപ്പ് പങ്കിട്ടു. ഷെഫ് നിഗെല്ല ലോസൺ ദാൽ ചാവലിനോടുളള ആസക്തി ഏറ്റുപറഞ്ഞപ്പോൾ ഷെഫ് റിക്ക് ബെയ്‌ലെസ് വീട്ടിൽ ചില ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്തു.
ഇപ്പോൾ ഏറ്റവും പുതിയതായി അമേരിക്കൻ അഭിഭാഷകയും കമല ഹാരിസിന്റെ സഹോദരിയുടെ മകളുമായ മീന ഹാരിസാണ് തന്റെ ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കാനുളള ശ്രമവും ഇഷ്ടവും ലോകത്തിനു മുന്നിൽ തുറന്ന് പറഞ്ഞിരിക്കുന്നത്. അരിക്ക് പകരം കോളിഫ്ളവർറൈസ് ഉപയോഗിച്ച് ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായ തൈര് സാദം ഉണ്ടാക്കിയതായും ഇതിന്റെ പേരിൽ ദക്ഷിണേന്ത്യക്കാർ തന്നെ കളിയാക്കുമെന്നും മീന ട്വിറ്ററിൽ കുറിച്ചു.
South Indians are going to come for me hard on this but I need to confess somewhere that I just made rice and yogurt and lime pickle with cauliflower rice 😬😬😬😬😬😬
— Meena Harris (@meenaharris) April 7, 2021
മീനയുടെ ട്വീറ്റിനോട് നിരവധിപ്പേരാണ് ഇതിനോടകം പ്രതികരിച്ചിരിക്കുന്നത്. ചിലർ രസകരമായ പ്രതികരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ചിലർക്ക് ഇതെങ്ങനെയാണ് തയ്യാറാക്കിയതെന്നും രുചികരമാണോയെന്നുമാണ് അറിയേണ്ടത്. അതേസമയം ചിലരാകട്ടെ കുറവുകളാണ് ചൂണ്ടിക്കാട്ടിയത്.
You missed out on fried chillies, which goes well with curd rice. pic.twitter.com/lsHg4yUn53
— H A B I B (@reachHabibi) April 7, 2021
തെക്കേ ഇന്ത്യയിലെ ഒരു ഭക്ഷണവിഭവമായ തൈര് സാദം കർണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുളളവരുടെ പ്രിയ ഭക്ഷണ വിഭവങ്ങളിലൊന്നാണ്. ഇത് സാധാരണരീതിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ്. വേവിച്ച അരിയിൽ തൈര് ചേർത്താണ് ഇത് എളുപ്പത്തിൽ തയ്യാറാക്കുന്നത്. തൈര് സാദം പൊതുവേ ഉച്ചഭക്ഷണമായാണ് വിളമ്പുന്നത്. മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ എന്നിവയാണ് ഇതിന്റെ കൂടെ കഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |