തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന ഉമ്മൻ ചാണ്ടി കേരളമാകമാനം പര്യടനം നടത്തിയിരുന്നു.
കോട്ടയത്തെ പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ അവസാനിക്കുമ്പോഴാണ് അദ്ദേഹത്തിന് കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.
തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ വീട്ടിൽ നിന്നാണ് മുഖ്യമന്ത്രിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്നുമുള്ള ആരോഗ്യവിദഗ്ദ്ധരെ കോഴിക്കോട്ടേക്ക് അയയ്ക്കും. മുഖ്യമന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.
ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിൽ പോകണമെന്നു നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മരുമകൻ മുഹമ്മദ് റിയാസും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മാർച്ച് 3ന് മുഖ്യമന്ത്രി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |