ന്യൂഡൽഹി: കഴിഞ്ഞ മാസം 11ന് നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കാലിന് പരിക്കേറ്റ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ അക്രമങ്ങളിൽ അന്വേഷണം നടത്താൻ താത്കാലിക സംവിധാനം കൊണ്ടുവരണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിറൂലിയ ബസാറിലെ നാട്ടുകാരോട് സംസാരിച്ച ശേഷം കാറിലേക്ക് കയറുകയായിരുന്ന തന്നെ കുറച്ചു പേർ വന്ന് തള്ളിയെന്നും കാറിന്റെ ഡോർ കാലിലിടിച്ച് പരിക്കേറ്റുവെന്നുമാണ് സംഭവ ദിവസം മമത മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |