
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുപകരമായി വിബി-ജി റാം ജി നിയമം കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് കോൺഗ്രസ്. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 5 മുതൽ രാജ്യവ്യാപക പ്രതിഷേധസമരവും പ്രചാരണവും ആരംഭിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അറിയിച്ചു. ഇന്നലെ ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. പ്രമേയവും പാസാക്കി. ജനം രോഷത്തിലാണെന്നും മോദി സർക്കാരിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഖാർഗെ പറഞ്ഞു. ഏകപക്ഷീയമാണ് കേന്ദ്രത്തിന്റെ പ്രവൃത്തികൾ. സംസ്ഥാന സർക്കാരുകളുമായോ പഞ്ചായത്തുകളുമായോ ചർച്ച നടത്തിയില്ല. സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകും. ദരിദ്രരെ തകർക്കുന്നതാണ് പുതിയ നിയമം. അദാനിയെയും അംബാനിയെയും സഹായിക്കാനാണിത്. ഇതിനെതിരെ പാർലമെന്റിലും തെരുവിലും കോൺഗ്രസ് പോരാടും. ഗാന്ധി കുടുംബത്തെ മാത്രമല്ല മഹാത്മാ ഗാന്ധിയെയും മോദി സർക്കാർ വെറുക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. കേരളം അടക്കം 9 സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ പ്രക്രിയ, ക്രിസ്‌മസ് സമയത്ത് ക്രിസ്ത്യൻ സമൂഹത്തിന് നേരേ നടന്ന അക്രമങ്ങൾ, ബംഗ്ലാദേശിലെ സാഹചര്യം തുടങ്ങിയവ പ്രവർത്തക യോഗത്തിൽ ചർച്ചയായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ശശി തരൂർ എം.പി തുടങ്ങിയവർ പങ്കെടുത്തു.
നോട്ടുനിരോധനം പോലെ
വിബി - ജി റാം ജി നിയമം കൊണ്ടുവന്നത് നോട്ടു നിരോധനം പോലെയെന്ന് രാഹുൽ ഗാന്ധി. പ്രക്ഷോഭത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്രയ്‌ക്കാണ് മഹാത്മാ ഗാന്ധിയുടെ പേരിലുള്ള നിയമത്തെ തകർത്തത്. വൺമാൻ ഷോയാണ് നടക്കുന്നത്. കാബിനറ്റിനോടോ, വകുപ്പുമന്ത്രിയോടോ പോലും ആലോചിച്ചില്ല. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുനേർക്കുള്ള നേരിട്ടുള്ള ആക്രമണമാണ്. ഇതിനെതിരെ മുഴുവൻ ശക്തിയുമെടുത്ത് പോരാടുമെന്നും രാഹുൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |