ഗോഗ്ര, ഹോട്ട്സ്‌പ്രിംഗ് മേഖലകളിലെ സേനാപിന്മാറ്റം വൈകും
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിന്ന് കൂടുതൽ സൈന്യങ്ങളെ പിൻവലിക്കുന്നത് ചർച്ച ചെയ്യാൻ ഇന്ത്യയുടെയും ചൈനയുടെയും കമാൻഡർമാർ നടത്തിയ 11-ാം വട്ട ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് സൂചന. ഗോഗ്ര കുന്നുകൾ, ഹോട്ട്സ്‌പ്രിംഗ് എന്നീ തർക്കമേഖലകളിൽ നിന്ന് സൈന്യങ്ങളെ പിൻവലിക്കുന്ന കാര്യത്തിൽ ചൈനീസ് സംഘം വിമുഖത പ്രകടിപ്പിച്ചതായാണ് വിവരം. പാംഗോംഗ് തടാകത്തിന് വടക്കും തെക്കും നേർക്കുനേർ നിന്നിരുന്ന സൈന്യങ്ങൾ പിൻവാങ്ങിയ അനുകൂല സാഹചര്യത്തിലാണ് വെള്ളിയാഴ്‌ച ഇരു കമാൻഡർമാരും ചർച്ചയ്‌ക്കെത്തിയത്. ഗോഗ്ര, ഹോട്ട്സ്‌പ്രിംഗ് മേഖലകളിലും സമാനമായ രീതിയിൽ സേനാ പിന്മാറ്റം നടപ്പാക്കുന്നതിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ സംഘം. എന്നാൽ 13 മണിക്കൂർ നീണ്ട ചർച്ചയിൽ ഇന്ത്യൻ നീക്കങ്ങളെ ഖണ്ഡിക്കുന്ന നിലപാടാണ് ചൈനീസ് പക്ഷം സ്വീകരിച്ചതെന്ന് അറിയുന്നു. അതിർത്തിയിൽ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാനും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിക്കും സേനാ പിന്മാറ്റം തുടരേണ്ടത് അനിവാര്യമായതിനാൽ തർക്കങ്ങൾ പരിഹരിക്കാൻ ചർച്ച തുടരുമെന്ന് മാത്രമാണ് കരസേന ഇന്നലത്തെ പത്രക്കുറിപ്പിൽ പറഞ്ഞത്. ഗോഗ്ര, ഹോട്ട്സ്‌പ്രിംഗ് മേഖലകളിൽ ഇൻഫൻട്രി, ആർട്ടിലറി, വ്യോമപ്രതിരോധ യൂണിറ്റുകൾ അടക്കം ചൈന വൻ തോതിൽ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 20ന് ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരടക്കം മരിച്ച ഏറ്റുമുട്ടലിന് ശേഷം നേരിയ തോതിൽ അവർ ഈ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |