ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലുള്ള റെക്കാഡ് കുതിപ്പ് തുടരുന്നു. തുടർച്ചയായ നാലാംദിവസം പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 794 പേർ കൂടി മരിച്ചു. 77,567 പേർ രോഗമുക്തരായി.
ആകെ ചികിത്സയിലുള്ളവരുടെ എണ്ണം പത്തുലക്ഷം കടന്നു. രോഗമുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 90.80 ശതമാനമായി. പുതിയ കേസുകളിൽ കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ വർദ്ധന തുടരുകയാണ്.
ചികിത്സയിലുള്ള രോഗികളുടെ 72 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, യു.പി, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലായാണ്.
പൂനെ, മുംബയ്, താനെ, നാഗ്പൂർ, ബംഗളൂരു അർബൻ, നാസിക്, ഡൽഹി, റായ്‌പൂർ, ദുർഗ്, ഔറംഗബാദ് എന്നീ പത്തു ജില്ലകളിൽ കൊവിഡ് സ്ഥിതി രൂക്ഷമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ ജില്ലകളിലാണ് ചികിത്സയിലുള്ള രോഗികളുടെ 45.65 ശതമാനവും.
മഹാരാഷ്ട്ര ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് മരണങ്ങളുടെ 87 ശതമാനവും. അതിനിടെ രാജ്യത്തെ ആകെ കുത്തിവച്ച കൊവിഡ് വാക്‌സിൻ ഡോസുകളുടെ എണ്ണം പത്തുകോടിയോടടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |