തിരുവനന്തപുരം: കെ.എം. ഷാജി എം.എൽ.എയുടെ വീട്ടിൽ നിന്നും അരക്കോടിയോളം രൂപ പിടിച്ചെടുത്തതിന് പിന്നാലെ ട്രോളുകളും വിമർശനങ്ങളുമായി കളം നിറയുകയാണ് എതിരാളികൾ. എന്നാൽ റെയ്ഡ് നടക്കുന്ന വേളയിൽ ചായകുടിക്കുന്ന ഷാജിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ് യു.ഡി.എഫ് അനുകൂലികൾ.
ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തവരുടെ കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലുമുണ്ട്. വീട്ടിൽ വിജിലൻസ് റെയ്ഡ്, വീട്ടുകാരൻ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് കെ.എം. ഷാജിയെ ആളുകൾ പോരാളിയെന്ന് വിളിക്കുന്നതും, കെ.ടി. ജലീലിനെ പരിഹസിക്കുന്നതും... എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. നേരത്തെ എം.എൽ.എയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |