കുട്ടനാടും പുനലൂരിലും രണ്ടുപേർ കൊല്ലപ്പെട്ടു
ആലപ്പുഴ/കൊല്ലം: ആലപ്പുഴയിലെ കൈകനകരിയിലും കൊല്ലത്ത് പുനലൂരിലും വ്യത്യസ്ത ഗുണ്ടാ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് രണ്ട് കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ കുട്ടനാട് കൈനകരി കുന്നുതറ വീട്ടിൽ അഭിലാഷാണ് (38) കുട്ടനാട് കൈനകരിയിൽ എതിർചേരിയിൽപ്പെട്ട സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുനലൂരിൽ മകനെ ആക്രമിക്കാനെത്തിയ ഗുണ്ടാ സംഘത്തെ തടയാൻ ശ്രമിച്ച പുനലൂർ വിളക്കുവട്ടം പന്ത്രണ്ടേക്കർ തടത്തിൽ വീട്ടിൽ സുരേഷ് ബാബുവുമാണ് (56) കൊല്ലപ്പെട്ടത്.സംഭവത്തിൽ മൂന്നുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 9.30ഓടെ കൈനകരിയ്ക്ക് സമീപമാണ് ആലപ്പുഴയിലെ ഗുണ്ടാസംഘത്തലവൻ അഭിലാഷ് കൊല്ലപ്പെട്ടത്.
എതിർടീമിൽപ്പെട്ട ഗുണ്ടാസംഘവുമായി കൈനകരി ജംഗ്ഷന് സമീപം വച്ച് രാത്രി ഒമ്പതരയോടെയുണ്ടായ വാക്കേറ്റമാണ് അർദ്ധരാത്രി അഭിലാഷിന്റെ കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിന് ശേഷം പിരിഞ്ഞുപോയ സംഘം പുലർച്ചെ 12.15ഓടെ കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വീട്ടിലെത്തിയാണ് ഇയാളെ ആക്രമിച്ചത്. അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് നെടുമുടി പൊലീസ് പറഞ്ഞു. മജുവുൾപ്പെടെ നാലുപേർ അഭിലാഷിനെ വളഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ അബോധാവസ്ഥയിലായ അഭിലാഷ് മരിച്ചെന്ന് കരുതി ഗുണ്ടാ സംഘം രക്ഷപ്പെടുകയായിരുന്നു. അഭിലാഷിന്റെ ഭാര്യ ദീപ്തിയാണ് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കുമായി മോർച്ചറിയിലേക്ക് മാറ്റി.രണ്ടു കൊലപാതകം ഉൾപ്പെടെ 25ൽ ഏറെ കേസുകളിൽ പ്രതിയാണ് പുന്നമട അഭിലാഷെന്ന് അറിയപ്പെടുന്ന അഭിലാഷ്.
നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ 2 കൊലപാതകക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കൈനകരിയിൽ, അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞ് നിൽക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
കൈനകരി ബോട്ട് ജെട്ടിയിൽ തൊഴിലാളികളെ ആക്രമിച്ച കേസിൽ അടുത്തിടെ അറസ്റ്റിലായ അഭിലാഷ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കുട്ടനാട്ടിൽ ഷൂട്ടിംഗിനെത്തിയ സിനിമാ സംഘത്തെ ആക്രമിച്ച കേസിലും അഭിലാഷ് പ്രതിയാണ്. ഒരു മകനുണ്ട്. മജുവിനും സംഘത്തിനുമായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
പുനലൂരിൽ ഒൻപതംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഗൃഹനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാത്രി അത്താഴത്തിന് ശേഷം വിശ്രമിക്കുമ്പോഴാണ് അക്രമിസംഘം വീട്ടിലേക്ക് ഇരച്ചെത്തിയത്. സുരേഷ് ബാബുവിന്റെ മകൻ സുർജിത്തിന് നേർക്കായിരുന്നു ആക്രമണം. തടയാനെത്തിയ സുരേഷ് ബാബുവിനെയും ഭാര്യ ലതയെയും അക്രമികൾ മർദ്ദിച്ചു. ചവിട്ടുകൊണ്ട് സുരേഷ് ബാബു നിലത്തുവീണു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് അക്രമി സംഘം ഇവിടെ നിന്നും പിൻവാങ്ങിയത്. അവശനിലയിലായ സുരേഷ് ബാബുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാത്രിതന്നെ പൊലീസ് ഇവരുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പന്ത്രണ്ടേക്കർ ചരുവിള വീട്ടിൽ മോഹനൻ(51), വിളക്കുവട്ടം മാതാകോട് ചരുവിള വീട്ടിൽ സുനിൽ(44), മാതാകോട് ചരുവിള വീട്ടിൽ സന്തോഷ്(42) എന്നിവരെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പുനലൂർ ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവ സ്ഥലം സന്ദർശിച്ചു. സുരേഷ് ബാബുവിന്റെ മകൻ സുർജിത്ത് റോഡരികിൽ ബൈക്ക് വച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഒന്നാം പ്രതിയായ മോഹനനും സുർജിത്തുമായി വാക്കുതർക്കമുണ്ടായി. ഇതിന് ശേഷം മോഹനൻ കോളനിയിൽപോയി ആളെക്കൂട്ടിവന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |