കോഴിക്കോട്: ബന്ധുനിയമന വിഷയത്തിൽ മുൻമന്ത്രി കെടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നിലയിലുള്ള പങ്കാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെതന്നെയാണ് അനധികൃത നിയമനം നടത്താനായി യോഗ്യതയിൽ മാറ്റം വരുത്തിയതെന്നും രാജിവച്ച സ്ഥിതിക്ക് ജലീലിനെ കയ്യൊഴിയാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും ബിജെപി അദ്ധ്യക്ഷൻ ആരോപിക്കുന്നു.
'നഗ്നമായ സത്യപ്രതിജ്ഞാന ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാല്‍ പിടിക്കപ്പെടുമ്പോള്‍ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്താറുള്ളത്.'-കെ സുരേന്ദ്രൻ പറയുന്നു.
ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ യോഗ്യതയില്ലാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീൽ രാജിവച്ചതിലൂടെ ഉണ്ടായ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഇടതുമുന്നണി സർക്കാരിന് സാധിക്കുകയില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബന്ധുവിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് എം,മന്ത്രി എകെ ബാലൻ ചോദിക്കുന്നതെന്നും ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
content highlight: k surendran against cm pinarayi vijayan on kt jaleel issue
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |