കൊച്ചി: ഡാർക്ക്നെറ്റിൽ 'കെറ്റാമെലോൻ' എന്നപേരിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി എഡിസൺ കൂട്ടുകച്ചവടക്കാരായ ദമ്പതികളെ വഞ്ചിച്ചും ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയിരുന്നു. എഡിസൺ മയക്കുമരുന്ന് വിറ്റഴിച്ച രാജ്യത്തെ വിവിധ നഗരങ്ങളിൽ റെയ്ഡുകൾ തുടരുകയാണ്. കൂടുതൽപേർ അറസ്റ്റിലാകുമെന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) വൃത്തങ്ങൾ പറഞ്ഞു.
പീരുമേട് പാഞ്ചാലിമേടിൽ തോട്ടവും റിസോർട്ടുമുള്ള പറവൂർ സ്വദേശികളായ ഡിയോൾ- അഞ്ജു ദമ്പതികളുമായി രണ്ടുവർഷം മുമ്പാണ് എഡിസൺ സൗഹൃദം സ്ഥാപിച്ചത്. ദമ്പതികളുടെ ബന്ധങ്ങൾ ഉപയോഗിച്ച് അവരറിയാതെ എഡിസൺ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായി എൻ.സി.ബി കണ്ടെത്തി. ദമ്പതികളുടെ വിദേശങ്ങളിലെ ബന്ധുക്കൾ, പരിചയക്കാർ തുടങ്ങിയവർക്കാണ് അയച്ചിരുന്നത്. ദമ്പതികളുടെ പേരുപയോഗിച്ചായിരുന്നു ഇടപാടുകൾ. അഞ്ജുവിന്റെ പേരിലാണ് കൂടുതൽ പാക്കറ്റുകൾ അയച്ചിരുന്നത്. കെറ്റാമൈൻ എന്ന മയക്കുമരുന്നാണ് വിറ്റഴിച്ചിരുന്നത്.
കെറ്റമെലോൺ എന്ന ഡാർക്ക്നെറ്റുമായി ദമ്പതികളെ എഡിസൺ ബന്ധപ്പെടുത്തിയിരുന്നില്ല. ഡാർക്ക്നെറ്റിന്റെ വിവരങ്ങൾ പങ്കിടുകയോ ഇടപാടുകളിൽ ഉൾപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. എന്നാൽ, കെറ്റാമൈൻ ഇവർക്ക് കൈമാറിയിരുന്നു.
ഡിയോൾ 2019 മുതൽ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നു. 2023ൽ പാഞ്ചാലിമേട്ടിൽ റിസോർട്ട് ആരംഭിച്ച ദമ്പതികൾ പോസ്റ്റ് ഓഫീസുകൾ വഴിയാണ് അയച്ചിരുന്നത്. ഈരാറ്റുപേട്ട, പാലാ മേഖലകളിലെ പോസ്റ്റ് ഓഫീസുകൾ വഴിയാണ് കൂടുതൽ പാഴ്സലുകൾ അയച്ചിരുന്നത്. ദമ്പതികളുടെ സൺസെറ്റ് വാലി റിസോർട്ടിൽ എഡിസണിന് പങ്കാളിത്തമില്ലെന്നും എൻ.സി.ബി കണ്ടെത്തിയിട്ടുണ്ട്.
ദമ്പതികളുടെ അറസ്റ്റ് 2023ലെ കേസിൽ
എഡിസൺ കേസുമായി ബന്ധപ്പെട്ടല്ല ദമ്പതികളെ അറസ്റ്റുചെയ്‌തതെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. 2023ൽ കൊച്ചിയിൽ പാഴ്സൽ പിടികൂടിയ കേസിലാണ് അറസ്‌റ്റ്. വ്യാജമേൽവിലാസം ഉപയോഗിച്ച് അയയ്ക്കാൻ എത്തിച്ച പാഴ്സലാണ് പിടികൂടിയത്. അതിലെ അന്വേഷണമാണ് ദമ്പതികളിൽ എത്തിയത്. കെറ്റമൈൻ ഓസ്ട്രേലിയയിലേയ്‌ക്കാണ് അയച്ചിരുന്നത്.
എഡിസണെ കസ്റ്റഡിയിൽ വാങ്ങും
റിമാൻഡിൽ കഴിയുന്ന എഡിസൺ, കൂട്ടാളി അരുൺ തോമസ് എന്നിവരെ തിങ്കളാഴ്‌ച എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങും. ചോദ്യംചെയ്യലിൽ വിശദവിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ എൻ.സി.ബി ശേഖരിക്കുന്നുണ്ട്.
പറവൂർ സ്വദേശികളും ദമ്പതികളുമായ ഡിയോൾ, അഞ്ജു എന്നിവരെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്. ചൊവ്വയോ ബുധനോ ഇവരെയും കസ്റ്റഡിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൂവാറ്റുപുഴ ജെ.സി.എം കോടതി റിമാൻഡ് ചെയ്‌ത പ്രതികൾക്കായി എറണാകുളത്തെ ജില്ലാ കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. പത്തുവർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്നതും ജാമ്യമില്ലാത്തതുമായ കേസായതിനാലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |