കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയുടെ അലമുറയിട്ടുളള കരച്ചിൽ നാടിനെ വേദനയിലാഴ്‌ത്തി. മകളുടെ മരണവാർത്തയറിഞ്ഞ സീതാലക്ഷ്മിയെ പാടുപെട്ടാണ് ബന്ധുക്കൾ പിടിച്ചുനിർത്തിയത്. എന്റെ മുത്തേ...ബിന്ദു മോളേ...എനിക്ക് അറിയാം, അവൾക്ക് എന്തോ പറ്റിയെന്ന് പറഞ്ഞായിരുന്നു അമ്മയുടെ കരച്ചിൽ.
ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു മരിച്ചെന്ന വാർത്ത നാട്ടുകാർ അറിഞ്ഞെങ്കിലും പ്രായമായ സീതാലക്ഷ്മിയോട് ഇക്കാര്യം പറയാൻ മടിച്ചിരുന്നു. അമ്മ വാർത്ത കാണുമെന്നതിനാൽ വീട്ടിലെത്തിയ നാട്ടുകാരിൽ ചിലർ ടിവി ഓഫ് ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു ബന്ധു സീതാലക്ഷ്മിയെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ചത്. കരഞ്ഞ് തളർന്ന് വീഴാൻ തുടങ്ങിയ സീതാലക്ഷ്മിയെ ഏറെ പ്രയാസപ്പെട്ടാണ് ബന്ധുക്കൾ ആശ്വസിപ്പിച്ചത്.
തുച്ഛമായ അഞ്ച് സെന്റ് ഭൂമിയിൽ പണിതീരാത്ത വീട്ടിലാണ് സീതാലക്ഷ്മിയും ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലിചെയ്തിരുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ചെറിയ വരുമാനത്തിൽ നിന്ന് ലഭിക്കുന്ന പണം മിച്ചംവച്ചാണ് ബിന്ദു മക്കളായ നവനീതിനെയും നവമിയെയും പഠിപ്പിച്ചിരുന്നത്. ഇതിനിടയിലാണ് മകളുടെ അസുഖം ബിന്ദുവിന്റെ കണക്കുക്കൂട്ടലുകൾ തകർത്തത്.
നവമി ആന്ധ്രാപ്രദേശിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ്. നവനീത് എൻജിനീയറിംഗ് പഠനത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്. ചൊവ്വാഴ്ചയാണ് നവമിയുടെ നട്ടെല്ലിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ബിന്ദുവും വിശ്രുതനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയത്. അന്നുമുതൽ ഇരുവരും നവമിയോടൊപ്പം ആശുപത്രിയിലായിരുന്നു. വീട്ടിൽ ആരുമില്ലാത്തതിനാൽ സീതാലക്ഷ്മി അടുത്തുളള ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |