കോട്ടയം: കൊച്ചുതോവാള കൊച്ചുപുരയ്ക്കൽതാഴെ കെ.പി. ജോർജിന്റെ ഭാര്യ ചിന്നമ്മയുടെ (63) കൊലപാതകം, തെളിവുകൾ ലഭിക്കാതെ പൊലീസ് വട്ടംതിരിയുന്നു. ഇതിനോടകം 40ൽപ്പരം പേരെ ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. അയൽവാസികളെ ചോദ്യം ചെയ്തിട്ടും കാര്യമായ സൂചനപോലും കിട്ടിയില്ല. ഇന്നലെ ഭർത്താവ് ജോർജിനെ രണ്ടാം പ്രാവശ്യവും പൊലീസ് ചോദ്യം ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്ന നാലുപേരെ ഇന്നോ നാളെയോ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.
പരിസര പ്രദേശങ്ങളിലെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. ചിന്നമ്മയും ജോർജും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കേസ് അന്വേഷണ തലവനായ കട്ടപ്പന ഡിവൈ.എസ്.പി. ജെ. സന്തോഷ്കുമാർ, സി.ഐ. വി. ജയൻ എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും ജോർജിനെ ചോദ്യം ചെയ്തേക്കും.
വ്യാഴാഴ്ച പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ ചിന്നമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഒരു ലക്ഷത്തിലധികം രൂപയും 25 പവനോളം ആഭരണങ്ങളും അലമാരിയിൽ ഇരിപ്പുണ്ടായിരുന്നുവെങ്കിലും അത് നഷ്ടമായിട്ടില്ല. ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ മാത്രമേ മോഷ്ടാവ് എടുത്തിട്ടുള്ളു. അലമാരി പരിശോധിക്കാതിരുന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തിയത്. അതിനാൽ തന്നെ മോഷണം തന്നെയാണോ കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ചിന്നമ്മയെ കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |