ബംഗളൂരു: പ്രമുഖ കന്നഡ സീരിയൽ താരവും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 49കാരനായ അമ്രേഷാണ് പിടിയിലായത്. ജൂലായ് നാലിന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മഞ്ജുള ശ്രുതി. ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽ വച്ചാണ് ശ്രുതിയെ ഭർത്താവ് ആക്രമിച്ചത്.
അമൃതധാരെ എന്ന കന്നഡ സീരിയലിലൂടെ പ്രശസ്തയാണ് യുവതി. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. 20 വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും രണ്ട് പെൺകുട്ടികളുണ്ട്. വാടക വീട്ടിലായിരുന്നു താമസം. മൂന്നു മാസം മുൻപ് ശ്രുതി, അമ്രേഷമുമായി വേർപിരിഞ്ഞ് സഹോദരനൊപ്പം താമസം തുടങ്ങിയിരുന്നു. ഇതിനുശേഷം വീടിന് വാടക നൽകുന്നതിനെ ചൊല്ലി ഉൾപ്പെടെ തർക്കമുണ്ടായിരുന്നു. പിന്നാലെ ശ്രുതി, ഹനുമന്തനഗർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പിന്നീട് ജൂലായ് മൂന്ന് മുതൽ ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു.
എന്നാൽ തൊട്ടടുത്ത ദിവസം, കുട്ടികൾ കോളേജിൽ പോയതിന് പിന്നാലെ പ്രതി, ശ്രുതിയെ ആക്രമിക്കുകയായിരുന്നു. പെപ്പർ സ്‌പ്രേ കണ്ണിലേക്ക് അടിച്ച ശേഷം മൂന്ന് തവണ കത്തി ഉപയോഗിച്ചു കുത്തിയെന്നാണ് പൊലീസ് പറയുന്നത്. തല ചുമരിൽ ഇടിപ്പിച്ചെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. കൊലപാതകശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |