കൊച്ചി: ട്രാൻസ്ജെൻഡർ വിദ്യാർത്ഥിക്ക് എൻ.സി.സിയിൽ പ്രവേശനം നൽകണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ കേന്ദ്രസർക്കാരും എൻ.സി.സിയും ഹൈക്കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി നൽകിയ ഹർജിയിൽ മാർച്ച് 15നാണ് സിംഗിൾബെഞ്ച് ഈ ഉത്തരവ് നൽകിയത്. ഹർജിക്കാരിയെ എൻ.സി.സിയുടെ സീനിയർ ഗേൾസ് ഡിവിഷനിൽ ചേരുന്നതിനുള്ള സെലക്ഷൻ നടപടിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും വിജയിച്ചാൽ എൻ.സി.സിയിൽ ചേർക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തിയെ എൻ.സി.സിയുടെ സീനിയർ ഗേൾസ് ഡിവിഷനിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നതു മൂലമുണ്ടാകാവുന്ന പ്രശ്നങ്ങൾ സിംഗിൾബെഞ്ച് കണക്കിലെടുത്തില്ലെന്നും അപ്പീലിൽ പറയുന്നു. സായുധസേനയോട് സാമ്യമുള്ള പരിശീലന രീതികളാണ് എൻ.സി.സി പിന്തുടരുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ശാരീരികമായും മാനസികമായും ഇത്തരം പരിശീലനങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അപ്പീലിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |