ജീവിതം കൊണ്ടു പൊലീസുകാരനായ ഷാഹി കബീറിന്റെ തിരക്കഥയാണ് കാഴ്ചക്കാരെചിന്തിപ്പിക്കുന്ന 'നായാട്ട്' എന്ന ചിത്രത്തിന്റെ കരുത്ത്. ജീവിതവും അനുഭവങ്ങളും ഷാഹി കബീർ പറയുന്നു
കാക്കിയിട്ടവനു നേരെ കയ്യോങ്ങിയാൽ നിനക്കൊന്നും നോവില്ലെന്നു കേട്ടു കയ്യടിച്ച മലയാളിയ്ക്കു മുന്നിൽ നിസഹായരായി നിൽക്കുകയാണ് മൂന്നു പൊലീസുകാർ..! മണിയനും, സുനിതയും, പ്രവീണും. സമൂഹം വേട്ടക്കാരെന്നു മുദ്രകുത്തിയവരാണ് ഈ മൂന്നു പേരും. കാക്കിയും നക്ഷത്രവും വലിയൊരു പൊലീസ് സേനയും കൂട്ടിനുള്ള പൊലീസുകാർ. നൂറു പേരെ ഇടിച്ചിടുന്ന, നായകനെ പോലും നിഷ്പ്രഭരാക്കുന്ന മലയാള സിനിമയിലെ പൊലീസുകാരിൽ നിന്നും യാഥാർത്ഥ്യത്തിലേയ്ക്കുള്ള ദൂരമാണ് മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്.""ജീവിതം കൊണ്ടു പൊലീസുകാരനായ ഷാഹി കബീറിന്റെ തിരക്കഥയാണ് നായാട്ടിന്റെ കരുത്ത്. തീയറ്ററിന്റെ ഇരുട്ടിൽ നിന്നും പുറത്തിറങ്ങിയാലും ഈ നായാട്ട് പ്രേക്ഷകനെ വേട്ടയാടും.
ഇരുവശത്തു നിന്നും വലിച്ചു മുറുക്കുന്ന കുരുക്കാണ് അവസാനം വരെ സിനിമ. എന്താണ് ആ നായാട്ട് ?
സിനിമ കാണുന്നയാൾക്ക് തോന്നുന്നത് എന്താണോ അതാണ് നായാട്ട്. നിസഹായരായ ഒരു കൂട്ടം പൊലീസുകാരുടെ ജീവിതം പറയാനാണ് ശ്രമിച്ചത്. ഇതിനിടയിൽ ഞാൻ എന്ന പൊലീസുകാരനുണ്ട്, ഞാൻ കണ്ട കാഴ്ചകളുണ്ടാകാം. പഠിച്ച കാലത്തെ രാഷ്ട്രീയം ഉണ്ടാകാം. ഇതെല്ലാം കൂടിച്ചേർന്നതാണ് നായാട്ടിന്റെ പ്രമേയം. ഓരോ പ്രേക്ഷകനുമാണ് സിനിമയെ വിലയിരുത്തേണ്ടത്. സിനിമയെന്നത് പ്രേക്ഷകന് വിട്ടു നൽകിയിരിക്കുകയാണ്. അപ്രതീക്ഷിതമായ ഒരു സംഭവത്തിൽ കുടുങ്ങുന്ന മൂന്നു പൊലീസുകാർ. അവർ ഒടുവിൽ സസ്പെൻഷനിൽ എത്തുന്നു. പക്ഷേ, കുറ്റവാളികളല്ലാതായിട്ടും ആ പൊലീസുകാർ വേട്ടയാടപ്പെടുകയാണ്. ഇതാണ് നായാട്ട്.
അമ്മയുടെ വസ്ത്രങ്ങൾ അലക്കി നൽകുന്ന, വടം വലിയ്ക്കുന്ന, കുടുംബത്തെ കാര്യങ്ങൾ നോക്കുന്ന പ്രവീണെന്ന പൊലീസുകാരൻ നായാട്ടിലെത്തിയതെങ്ങനെ?
എന്റെ ആദ്യ സിനിമയായ 'ജോസഫി" ൽ നായകൻ ജോജുവായിരുന്നു. മണിയൻ എന്ന പൊലീസുകാരന്റെ റോളിലും ജോജുവിനെ തന്നെയാണ് കണ്ടിരുന്നതും. കുഞ്ചാക്കോ ബോബനോടു കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. സുനിതയെ കണ്ടെത്തുന്നതിനായി നിരവധി ഓഡിഷനുകൾ അടക്കം നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിമിഷയിലേയ്ക്കും എത്തിയത്.
സിഗരറ്റ് വലിക്കുന്ന, തെറി പറയുന്ന.... മലയാളം അറിയാത്ത വനിതാ എസ്.പി?
നല്ലൊന്നാന്തരം മലയാളിയാണ് നായാട്ടിലെ അന്വേഷണ ഉദ്യോഗസ്ഥ. തിരുവനന്തപുരം സ്വദേശിയായ യമ എന്ന എഴുത്തുകാരി. ഈ കാരക്ടറിനെ കണ്ടെത്താനാണ് ഏറെ ബുദ്ധിമുട്ടിയത്. ഇവർക്കായി അന്വേഷണം തുടരുന്നതിനിടെ എന്റെ ഒരു സുഹൃത്ത് കുമാരദാസാണ് യമ പാടിയ ഫേസ്ബുക്കിലെ പാട്ട് അയച്ചു നൽകിയത്. ഈ വീഡിയോ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന് നൽകിയതും അദ്ദേഹം ഒരു മാഗസിൻ കവറിൽ നിന്നും യമയുടെ ചിത്രം കാട്ടി. തുടർന്ന്, യമയെ അന്വേഷണ ഉദ്യോഗസ്ഥയായി 'നിയമിക്കുകയായിരുന്നു."
വില്ലനെ ഇടിച്ചു വീഴ്ത്തി നായകൻ രക്ഷപ്പെടുമ്പോഴോ, നിയമ സംവിധാനത്തെ നായകൻ പരാജയപ്പെടുത്തുമ്പോഴോ വരുന്ന ശുഭം കാർഡില്ലാത്ത ക്ലൈമാക്സ്. ആ പൊലീസുകാർക്ക് എന്തുപറ്റിയെന്ന് ചിന്തിക്കേണ്ട ക്ലൈമാക്സിലെ പരീക്ഷണത്തെക്കുറിച്ച്?
നായാട്ടിന്റെ ക്ലൈമാക്സ് ഒരു യാഥാർത്ഥ്യമാണ്. അബദ്ധത്തിലാണെങ്കിലും ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു പോയവർ ഇനി സമൂഹത്തിനു മുന്നിൽ കുറ്റവാളികളാണ്. നിയമം അവർക്ക് ആനുകൂല്യം നൽകി വിട്ടാലും അവർ നാട്ടുകാർക്ക് പ്രതികൾ തന്നെയാണ്. നിയമത്തിനും സ്റ്റേറ്റിനും ഇടയിൽപ്പെട്ടുപോയപ്പോൾ ആർക്കും ഇനി വിജയിക്കാൻ സാധിക്കില്ലെന്നാണ് ക്ലൈമാക്സിന്റെ ആശയം. ആ പൊലീസുകാർക്ക് ഇനി എന്തു സംഭവിക്കുമെന്ന് പ്രേക്ഷകനു തന്നെ ചിന്തിക്കുന്നതിനുള്ള വഴി തെളിച്ചിടുകയാണ് നായാട്ട്.
ഡി.ജി.പി മുതൽ സാദാ പൊലീസുകാർ വരെ രാഷ്ട്രീയ സമ്മർദത്തിൽ നിന്നും മോചിതരല്ലെന്നു സിനിമ പറയുന്നു. ഒരു പൊലീസുകാരൻ എന്ന നിലയിൽ എന്തു ധൈര്യത്തിലാണ് ഇത്തരം ഒരു തിരക്കഥ?
ഈ സിനിമയിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ എന്തു പ്രശ്നമുണ്ടായാലും നേരിടാൻ തയ്യാറായാണ് എഴുതിയത്. പൊലീസ് സേനയിൽ ഉള്ള ആരോടും ചോദിക്കാതെ തന്നെ, പല തലത്തിൽ പല സാഹചര്യത്തിൽ പലരിൽ നിന്നും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ തന്നെയാണ് സിനിമയിൽ കണ്ടത്. ഇത് സിനിമാറ്റിക് സ്പേസിലേയ്ക്ക് എത്തിക്കുക മാത്രമാണ് ചെയ്തത്. പല പൊലീസ് ഉദ്യോഗസ്ഥരും അനുഭവിക്കുന്ന മാനസിക സംഘർഷം തന്നെയാണ് ഈ സിനിമയിലും കണ്ടിരിക്കുന്നത്.
നായകൻ വില്ലന്റെ സ്വഭാവം കാണിക്കുന്നു. വില്ലൻമാരാകട്ടെ നായകരായി മാറുന്നു?
ഓരോ മനുഷ്യരും ഓരോ സാഹചര്യങ്ങളിൽ വൈകാരികമായി പെരുമാറുന്നത് തന്നെയാണ് കഥാ പശ്ചാത്തലം. നായകനായി നമ്മൾ സങ്കൽപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ പ്രവീണാണ് ഒരു നിർണായക നിമിഷത്തിൽ വൈകാരികമായി പെരുമാറി സിനിമയുടെ കഥ തന്നെ തിരിച്ചു വിടുന്നത്. പൊലീസ് സ്റ്റേഷനായാലും, സർക്കാർ ഓഫിസായാലും ആ സ്ഥാപനത്തിന്റെ മേധാവിയുടെ മാനസിക വ്യാപാരങ്ങളും വൈകാരിക നിമിഷങ്ങളും എല്ലാം ആ ഓഫിസിൽ ജോലി ചെയ്യുന്ന ആളുകളുടെ മുഴുവൻ മാനസിക നിലയെ ബാധിക്കുമെന്നാണ് സിനിമ പറയാൻ ശ്രമിക്കുന്നത്. ട്രാഫിക് ഡ്യൂട്ടിയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരില്ലാത്തതിനെ തുടർന്നു ജംഗ്ഷനിൽ ഉണ്ടായ അപകടത്തെ തുടർന്ന് സ്റ്റേഷനിലെത്തുന്ന സി.ഐയ്ക്കുണ്ടാകുന്ന സമ്മർദമാണ് കഥ തന്നെ തിരിച്ചു വിടുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവരവരുടെ നിലനിൽപ്പിനായാണ് പരിശ്രമിക്കുന്നത്. സ്വന്തം നിലനിൽപ്പ് നോക്കുമ്പോൾ പെട്ടുപോകുന്നത് സാധാരണക്കാരായ ആളുകളാണ്.
പൊലീസുകാരെ വെള്ളപൂശാനുള്ള ശ്രമമാണോ നായാട്ട്?
പൊലീസുകാരെ മാത്രമല്ല, സിനിമയിൽ ഒരാളെയും വെള്ളപൂശുന്നില്ല. അമ്മയുടെ വസ്ത്രങ്ങൾ അലക്കിയിടുന്ന പൊലീസുകാരനായ പ്രവീണിന് പെട്ടന്നു പ്രകോപനം ഉണ്ടാകുന്നതാണ് മൂന്നുപേരുടെയും ജീവിതം തന്നെ മാറ്റി മറിക്കുന്നത്. സാഹചര്യങ്ങളും പെട്ടന്നുണ്ടാകുന്ന വൈകാരികമായ ഇടപെടലുകളുമാണ് ഓരോ മനുഷ്യനെയും സ്വാധീനിക്കുന്നത്.
ജോസഫും, നായാട്ടും, പൊലീസ് കഥകളുണ്ടായത് പൊലീസ് ജീവിതത്തിൽ നിന്നാണോ?
ജോസഫും നായാട്ടും രണ്ടും രണ്ടുതരത്തിലുള്ള സിനിമകളാണ്. ജോസഫിൽ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. എന്നാൽ, നായാട്ടിൽ ഒരു പൊലീസ് സ്റ്റേഷനും പൊലീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. ജോസഫിൽ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരന്റെ ജീവിതത്തിലൂടെ കഥ പുരോഗമിക്കുമ്പോൾ, നായാട്ട് സാധാരണക്കാരായ ഒരു പറ്റം പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ പുരോഗമിക്കുകയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |