തൃശൂർ: പൂരത്തിന് ആനയെഴുന്നള്ളിപ്പിന് കർശന നിർദ്ദേശവുമായി വനംവകുപ്പ്. പൂരത്തിന് പങ്കെടുക്കുന്ന ആനകളുടെ എല്ലാ പാപ്പാന്മാരും ആർടിപിസിആർ ഫലം കരുതണം. പാപ്പാന്മാർക്ക് കൊവിഡ് നെഗറ്റീവായാൽ മാത്രമേ ആനകളെ എഴുന്നളളിക്കൂ. എന്നാൽ ആനകളുടെ എണ്ണത്തിൽ നിയന്ത്രണമില്ല.
പൂരത്തിനെത്തുന്ന ആനകൾക്കും കർശന പരിശോധനയുണ്ടാകും. 40 പേരടങ്ങുന്ന സംഘത്തെ ഇതിനായി നിയോഗിച്ചു. മദപ്പാടുളള ആനകൾക്ക് പൂരത്തിന് പ്രവേശനമില്ല. മാത്രമല്ല നിരവധിപേരെ കൊലപ്പെടുത്തിയ ആനകൾക്കും അനുമതിയില്ല. പൂരദിവത്തിന് തലേന്ന് ഏപ്രിൽ 22ന് ആറ് മണിയ്‌ക്ക് മുൻപ് ആനകളുടെ പരിശോധന പൂർത്തിയായാലേ പൂരത്തിൽ പങ്കെടുപ്പിക്കൂ. നാട്ടാന പരിപാലന ചട്ടം കർശനമായി പാലിക്കാനും വനംവകുപ്പിന്റെ നിർദ്ദേശമുണ്ട്. ഏപ്രിൽ 23നാണ് തൃശൂർ പൂരം. ഇത്തവണ കൊവിഡ് നിബന്ധനകൾ മൂലം കർശന വ്യവസ്ഥയോടെയാണ് പൂരം ആഘോഷിക്കുന്നത്. 45 വയസിൽ താഴെയുളളവർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. മുതിർന്നവർക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖ ഹാജരാക്കിയാൽ മതിയാകും. പത്ത് വയസിൽ താഴെയുളള കുട്ടികൾക്ക് നിരോധനമുണ്ട്.
പൂരത്തിന് മുൻപ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തും. ഒപ്പം ആരോഗ്യ വകുപ്പുമുണ്ടാകും. രോഗബാധയില്ലാത്തവരെ കടത്തിവിടും. പൂരം കാണാനെത്തുന്നവർക്ക് എണ്ണ നിയന്ത്രണമില്ല. ഇന്ന് ഉച്ചയോടെ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിൽ പൂരം കൊടിയേറി. ഒരു മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും മൂന്ന് മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറ്റ് പ്രമാണിച്ചുളള എഴുന്നളളിപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |