SignIn
Kerala Kaumudi Online
Thursday, 10 July 2025 10.24 PM IST

കെ.ടി. ജലീലിന്റെ ധാർമ്മികത

Increase Font Size Decrease Font Size Print Page

kt-jaleel

( 2021 ഏപ്രിൽ 15 ലക്കം യോഗനാദം എഡിറ്റോറിയൽ )

ട്രെയിൻ അപകടങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽ മന്ത്രിമാർ രാജിവച്ച ചരിത്രമുള്ള നാടാണ് ഭാരതം. രാജൻ കേസിൽ കോടതി പരാമർശത്തിന്റെ പേരിൽ സർവശക്തനായ കെ.കരുണാകരൻ സംസ്ഥാന ആഭ്യന്തര മന്ത്രിസ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞു. പിണറായി വിജയൻ സർക്കാരിലെ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ബന്ധു നിയമന വിവാദമുണ്ടായപ്പോൾ കോടതി വിധിക്കൊന്നും കാത്തുനിൽക്കാതെ കസേരയൊഴിഞ്ഞുപോയി. അങ്ങനെ എത്രയോ ജനനേതാക്കൾ ആരോപണങ്ങൾ നേരിട്ടപ്പോൾ സാങ്കേതികത്വങ്ങൾ പറഞ്ഞ് കടിച്ചുതൂങ്ങാതെ മാറിനിന്ന ചരിത്രമുണ്ട് കേരളത്തിന് . കാലംമാറിയാലും തലമുറകൾ മാറിയാലും ജനാധിപത്യത്തിൽ രാഷ്ട്രീയ ധാർമ്മികതയ്ക്ക് വലിയ സ്ഥാനവും മൂല്യവുമുണ്ട്. ഇപ്പോഴത്തെ കാലത്ത് അധികാരതൃഷ്ണയാൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണ് ഏറെയെങ്കിലും എന്തുസംഭവിച്ചാലും അധികാര കസേരയിൽ നിന്നിറങ്ങില്ലെന്ന നിലപാട് സംസ്കാരസമ്പന്നമായ സമൂഹത്തിൽ ഭൂഷണമല്ല തന്നെ.

പിണറായി വിജയൻ സർക്കാരിനെ ഏതാണ്ട് അഞ്ച് വർഷക്കാലവും വിവിധ കാരണങ്ങളാൽ സംശയനിഴലിൽ കൊണ്ടുവന്ന് നിറുത്തിയ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി കെ.ടി.ജലീൽ, ഈ മന്ത്രിസഭയുടെ അവസാന നാളുകളിൽ ലോകായുക്ത വിധിയെ തുടർന്ന് സ്ഥാനമൊഴിയുമ്പോൾ അതും ധാർമ്മികതയുടെ പേരു പറഞ്ഞാണെന്നതാണ് കൗതുകകരം.

മാതൃകയാക്കാവുന്ന രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാവുന്നയാളല്ല കെ.ടി.ജലീൽ. ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയെ തോല്‌പിച്ച ശേഷം എല്ലാക്കാലത്തും ഇടതുമുന്നണിയിൽ അനർഹമായ വി.ഐ.പി പരിഗണന കിട്ടിയിട്ടുമുണ്ട് ഇദ്ദേഹത്തിന്. മുസ്ളീം ലീഗ് നിയന്ത്രിക്കുന്ന കേരളത്തിലെ മുസ്ളീം രാഷ്ട്രീയത്തിലേക്കുള്ള ഇടതുപക്ഷ ടോർപിഡോ ആയതുകൊണ്ടു കൂടിയാകാം ഈ പരിഗണന. പക്ഷേ ജലീലിന്റെ എല്ലാ തോൽവികളെയും ചുമക്കേണ്ട ബാദ്ധ്യത ഇടതുപക്ഷത്തിനുണ്ടായിരുന്നില്ല. അങ്ങനെ ചുമന്നതുകൊണ്ടാണ് ഇപ്പോഴത്തെ ദുരവസ്ഥ സംജാതമായത്. മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് അർഹതയില്ലെന്ന ലോകായുക്ത വിധി തന്നെയുണ്ടായത്.

സമാനമായ ആരോപണം നേരിട്ട വ്യവസായ മന്ത്രി ഇ.പി.ജയരാജൻ സ്ഥാനമൊഴിഞ്ഞത് ഈ സർക്കാരിന്റെ തുടക്കത്തിലായിരുന്നു. പിന്നെയും പല കാരണങ്ങളാൽ മൂന്ന് മന്ത്രിമാർ കൂടി രാജിവയ്ക്കേണ്ടി വന്നു. എന്നിട്ടും ജലീലിന് എന്തിനാണ് പ്രത്യേക പരിഗണന നൽകിയത് ? അസാധാരണമായ കാര്യപ്രാപ്തിയൊന്നും തെളിയിച്ചിട്ടില്ല ഇദ്ദേഹം. തന്റെ വകുപ്പുകളിൽ തികഞ്ഞ പരാജയമായിരുന്നു ഈ മന്ത്രി. അതുകൊണ്ടാണ് ആദ്യം ലഭിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് അദ്ദേഹത്തിന് നഷ്ടമായത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മാന്യമായി കൊണ്ടുനടന്ന വകുപ്പിൽ നിന്ന് ഉന്നതവിദ്യാഭ്യാസം അടർത്തിമാറ്റി ജലീലിന് നൽകുകയായിരുന്നു. ജലീലാകട്ടെ അത് ഏതാണ്ട് അലങ്കോലമാക്കുകയും ചെയ്തു. മന്ത്രിയുടെ പല തീരുമാനങ്ങളും പക്ഷപാതപരവുമായിരുന്നു.

ഈ സർക്കാരിൽ ജലീലിന് ആരോപണങ്ങളൊഴിഞ്ഞ കാലമുണ്ടായിട്ടില്ല. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായ സംസ്ഥാനത്തെ ഏകമന്ത്രിയാണ് ജലീൽ. ബന്ധുനിയമനം, സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദം, മലയാളം സർവകലാശാലയിലെ ഭൂമി വാങ്ങൽ കേസ്, യു.എ.ഇ കോൺസുലേറ്റിൽ നിന്ന് കിട്ടിയ ഖുർ-ആനും ഈന്തപ്പഴവും സർക്കാർ വാഹനങ്ങൾ ഉപയോഗിച്ച് വിതരണം, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള സൗഹൃദം അങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി ആരോപണശരങ്ങൾ നിരന്തരമേറ്റ് വശംകെട്ടു നിൽക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ പല നന്മകൾക്കും മേൽ കരിനിഴൽ വീഴ്‌ത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ജലീലിന് ഒഴിഞ്ഞ് നിൽക്കാനാവില്ല. അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും എതിരെന്ന ഇടതുസർക്കാരിന്റെ പ്രഖ്യാപിത നയത്തിനെതിരായിരുന്നു ജലീലിന്റെ നിലപാടുകൾ. ആരോപണമുണ്ടായ ഉടനെ സ്വയം രാജിവച്ചില്ലെന്നതോ പോകട്ടെ, ലോകായുക്ത വിധിയുണ്ടായ ഉടനെയെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നെങ്കിൽ ഇടതുപക്ഷത്തിന് മുഖം രക്ഷിക്കാനായേനെ. സർക്കാരിനും കളങ്കമുണ്ടാകില്ലായിരുന്നു. ഇതിപ്പോൾ ഈ പ്രശ്നത്തിൽ പ്രതിപക്ഷത്തിന് പരമാവധി മുതലെടുക്കാൻ ജലീൽ അവസരം നൽകി. ലോകായുക്ത വിധി വന്ന ശേഷവും ഹൈക്കോടതിയിൽ അപ്പീലിന് പോയി. ഈ അപ്പീലിലും അനുകൂല വിധിയുണ്ടാകാൻ സാദ്ധ്യതയില്ലെന്നും സ്റ്റേ കിട്ടില്ലെന്നും മനസിലാക്കിയ ശേഷമാണ് രാജിവയ്ക്കുന്നത്. എന്നിട്ടും ധാർമ്മികതയെക്കുറിച്ച് പറയുന്നതിനെ ഉളുപ്പില്ലായ്മ എന്നേ ഏറ്റവും ലളിതമായി വിശേഷിപ്പിക്കാനാവൂ.

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വാത്സല്യത്തിനും അർപ്പിച്ച വിശ്വാസത്തിനും നന്ദി പറയുന്ന ജലീൽ ആത്മവഞ്ചനയാണ് നടത്തുന്നത്. മുഖ്യമന്ത്രി നൽകിയ പരിഗണന ജലീൽ ദുരുപയോഗിച്ചുവെന്നതാണ് വാസ്തവം. മന്ത്രി പദവിയുടെ ഒൗന്നത്യവും ഗൗരവവും കാത്തുസൂക്ഷിക്കാൻ ജലീലിനായില്ല. മുഖ്യമന്ത്രിയോടും കേരളത്തിലെ ജനങ്ങളോടും നീതി കാട്ടിയില്ലെന്നതോ പോകട്ടെ മിനിമം അന്തസ് പോലും കാട്ടിയില്ല.

ഒരു സർക്കാരിന്റെ പ്രതിച്ഛായയെ പോലും പ്രതിസന്ധിയിലാക്കിയ സ്വജനപക്ഷപാതവും ക്രമവിരുദ്ധമായ നടപടികളും കൈക്കൊണ്ട അസാധാരണമായ നീക്കങ്ങൾ നടത്തിയ കെ.ടി.ജലീലിനെ ഇടതുപക്ഷം ചുമന്നത് തന്നെ തെറ്റ്. കേരള സമൂഹത്തെക്കൂടി ആ വിഴുപ്പ് ചുമപ്പിച്ചതും അക്ഷന്തവ്യമായ അപരാധം. ഇടതുപക്ഷ സർക്കാരുകളുടെ സത്പേരിന് തന്നെ കളങ്കമാണ് ഇത്തരം മന്ത്രിമാർ. തുടർ ഭരണം കാംക്ഷിക്കുന്ന ഒരു സർക്കാർ ഒരിക്കലും ഈ തെറ്റ് ചെയ്യരുതായിരുന്നു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. വിലയിരുത്തുന്നുമുണ്ട്. അവരുടെ ചിന്താശേഷിയെ കുറച്ചു കാണരുത്. ഭാവിയിലെങ്കിലും കക്ഷിഭേദമന്യേ ഈ തിരിച്ചറിവ് ഉണ്ടാകട്ടെ.

TAGS: YOGANADAM EDITORIAL, YOGANADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.