കാലിഫോർണിയ: മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന അമ്മയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം. കാലിഫോർണിയക്കാരി ലിലിയാന കാറിലോ എന്ന മുപ്പതുകാരിയാണ് മക്കളെ അരുംകൊല ചെയ്തത്. മൂന്നുവയസും രണ്ടുവയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്. കുട്ടികളുടെ അച്ഛൻ മോശം സ്വഭാവത്തിനുടമയാണെന്നും ജീവിച്ചിരുന്നാൽ ജീവിതകാലം മുഴുവൻ അവർ അയാളുടെ പീഡനത്തിന് ഇരയാകേണ്ടി വരും എന്നതിനാലാണ് കൊലപ്പെടുത്തിയെന്നാണ് ലിലിയാനയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞയാഴ്ചയാണ് അപ്പാർട്ടുമെന്റിന് സമീപത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് വ്യക്തമായതോടെ ലിലിയാനയെ അറസ്റ്റു ചെയ്തു. വിചാരണ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
'മക്കളോട് ഒരിക്കലും അടങ്ങാത്ത സ്നേഹമായിരുന്നു എനിക്ക്. അതുകൊണ്ടാണ് അവരെ കൊല്ലാൻ തീരുമാനിച്ചത്. ഞാൻ ഏറെ സ്നേഹിക്കുന്ന കുട്ടികൾ ജീവിച്ചിരുന്നാൽ അക്കാലമത്രയും അവർ പിതാവിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. അതിനാലാണ് ഞാൻ അത്തരത്തിലൊരു തീരുമാനമെടുത്തത്.ഞാൻ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരും. ജീവിച്ചിരുന്നെങ്കിൽ എന്റെ മക്കൾ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെക്കാൾ ഏറെ താഴെയായിരിക്കും ജയിലിൽ ഞാൻ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ'- ലിലിയാന പറയുന്നു. ഭർത്താവ് എറിക് ഡെന്റൺ സ്ഥിരം മദ്യപാനിയാണെന്നും അവർ പറയുന്നു.
മക്കളെ കൊന്നതിനുശേഷം ആത്മഹത്യ ചെയ്യാൻ താൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അതിനുമുമ്പ് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു എന്നും ലിലിയാന പറഞ്ഞു. നേരത്തേ തന്നെ മക്കളെ നോക്കുന്ന കാര്യത്തിലുൾപ്പടെ ലിലിയാനയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുറ്റം ഏറ്റുപറഞ്ഞ സ്ഥിതിക്ക് കടുത്ത ശിക്ഷയാവും ലിലിയാനയ്ക്ക് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |