SignIn
Kerala Kaumudi Online
Friday, 07 May 2021 7.44 PM IST

ചട്ട ലംഘനം ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് സാമൂഹിക അകലത്തെക്കുറിച്ചും ആരോഗ്യ പ്രോട്ടോക്കോളിനെക്കുറിച്ചും പറയാൻ എന്ത് ധാര്‍മ്മികതയാണുളളത്...? വിമർശനം

kk

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന ആരോപണം തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി ആർഎസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എം..പി. സ്വന്തം അനുഭവം മുൻനിറുത്തിയാണ് മുഖ്യമന്ത്രിക്ക് പ്രേമചന്ദ്രന്റെ മറുപടി. കൊവിഡ് ബാധിച്ചു ഡൽഹിയിലെ ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയവെ, പി.പി.ഇ കിറ്റ് ധരിച്ചാണെങ്കിലും ഒപ്പം നിൽക്കാൻ അനുവദിക്കണമെന്ന ഭാര്യ ഡോ. ഗീതയുടെ അഭ്യർത്ഥന ഡോക്ടർമാർ തള്ളിക്കളഞ്ഞ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവന് കോവിഡ് പ്രോട്ടോക്കോൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് ജനാധിപത്യത്തിന്റെ ദുരന്തവും അധികാരം സമ്മാനിച്ച ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണെന്നു പ്രേമചന്ദ്രൻ വിമർശിക്കുന്നു. ഗുരുതരമായ ചട്ട ലംഘനം കുടുംബത്തിന്‍റെ പേരില്‍ ന്യായീകരിക്കുന്ന അങ്ങേയ്ക്ക് സാമൂഹിക അകലത്തെക്കുറിച്ചും ആരോഗ്യ പ്രോട്ടോക്കാളിനെക്കുറിച്ചും ജനങ്ങളോട് നിര്‍ദ്ദേശിക്കാന്‍ എന്ത് ധാര്‍മ്മികതയാണുളളതെന്നും പ്രേമചന്ദ്രൻ ചോദിക്കുന്നു.

പ്രേമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

"പ്രോട്ടോക്കോൾ ലംഘനവും കുടുംബ മാഹാത്മ്യവും..."

കഴിഞ്ഞ സെപ്തംബറിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം... സമ്മേളനത്തിനിടയിൽ നേരിയ രോഗലക്ഷണങ്ങളെത്തുടർന്നു ഞാനും ഒപ്പമുണ്ടായിരുന്ന ഭാര്യ ഡോ. ഗീതയും പാർലമെന്റ് അനക്സിലെ ഐസിഎംആർ ലാബിൽ കോവിഡ് പരിശോധനയ്ക്കു വിധേയരായി. ആദ്യത്തെ ആന്റിജൻ പരിശോധനയിൽ തന്നെ എനിക്കു കോവിഡ് പോസിറ്റീവ്. ഗീതയ്ക്കു നെഗറ്റീവ്.

നിമിഷങ്ങള്‍ക്കുളളില്‍ ഞങ്ങളെ രണ്ടു പേരെയും പ്രത്യേക സ്ഥലങ്ങളിലേയ്ക്കു മാറ്റി. ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (എയിംസ്) ആംബുലന്‍സ് എത്തി എന്നെ സ്ട്രക്ചറിൽ കിടത്തി കോവിഡ് സെന്‍ററിലാക്കി. ആംബുലൻസിൽ എന്നോടൊപ്പം വരണമെന്നു ആവശ്യപ്പെട്ട ഗീതയെ അവർ തടഞ്ഞു. ആശുപത്രിയിലെത്തിച്ചു സ്ട്രക്ചറില്‍ എന്നെ ലിഫ്റ്റിലേക്കു കയറ്റുമ്പോഴേക്കും ആംബുലന്‍സിനെ പിന്തുടർന്നു കാറിൽ ഗീത അവിടെ എത്തി. എന്റെ എല്ലാ സുഖദുഃഖങ്ങളിലും കൂടെ ഉണ്ടാകുന്ന ഭാര്യ, ആശുപത്രിയിൽ എന്നെ പരിചരിക്കാനായി ഒപ്പം നിൽക്കണം എന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെ പരിചാരകയായി നിന്നുകൊള്ളാമെന്നു അഭ്യർഥിച്ചിട്ടും അവർ അനുവദിച്ചില്ല. അതു മറ്റൊന്നും കൊണ്ടല്ല, നിയമവും ചട്ടവും പ്രോട്ടോക്കോളും അനുവദിക്കാത്തതുകൊണ്ടു മാത്രം.
ഒന്നാലോചിച്ചു നോക്കൂ, നിത്യവും ഞാൻ കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയാണെന്നു പോലും എനിക്കറിയില്ല. ഭാര്യ എപ്പോഴും കൂടെയുണ്ടെന്ന ധൈര്യം- അതെത്ര വലുതാണെന്നു മാത്രം എനിക്കറിയാം. എന്നിട്ടും ഞങ്ങൾ രണ്ടു പേരും രണ്ടിടത്തായി. ഞാൻ ആശുപത്രിയിലും ഗീത ഡൽഹിയിലെ ഔദ്യോഗിക വസതിയിലും. വല്ലാത്തൊരു മാനസികാവസ്ഥയായിരിക്കും അത്.

ദിവസങ്ങള്‍ കഴിഞ്ഞു രോഗമുക്തനായി ആശുപത്രി വിട്ട എന്നെ ഏകനായി സ്ട്രച്ചറിൽ ആംബുലന്‍സില്‍ കിടത്തി ഡല്‍ഹി കാനിംഗ് ലെയിനിലെ 40 -ാം നമ്പര്‍ വസതിയിലെത്തിക്കുകയായിരുന്നു. അവിടെ എനിക്കു വേണ്ടി പ്രത്യേകമായി ക്രമീകരിച്ച മുറിയില്‍ റിവേഴ്സ് ക്വാറന്റീൻ കഴിയുന്നതു വരെ ആരും പ്രവേശിച്ചില്ല. ജീവിതത്തിലെ ഒരിക്കലും മറക്കാത്ത അനുഭവമായിരുന്നു ആ രണ്ടാഴ്ചക്കാലം.

ഇത് ഞാനിപ്പോൾ കുറിക്കുന്നതിനു പ്രത്യേകിച്ച് ഒരു കാരണമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി, അദ്ദേഹം നടത്തിയ കോവിഡ് പ്രോട്ടോക്കാള്‍ ലംഘനത്തെ ന്യായീകരിക്കാന്‍ കുടുംബ ബന്ധത്തെ പരാമര്‍ശിച്ചു നടത്തിയ പ്രതികരണം അത്രമേൽ മറുപടി അർഹിക്കുന്നു.

രോഗബാധിതനായ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമ്മേതം പരിവാരങ്ങളോടും പാര്‍ട്ടി നേതാക്കളോടൊപ്പം ആശുപത്രിയില്‍ എത്തുന്നു ! ദിവസങ്ങള്‍ക്കുളളില്‍ ടെസ്റ്റ് നടത്തി രോഗവിമുക്തി പ്രഖ്യാപിച്ചു കോവിഡ് ബാധിതയായ ഭാര്യയോടൊപ്പം ഒരു സുരക്ഷാ കവചവുമില്ലാത്ത ഗണ്‍മാനും ഡ്രൈവർക്കും ഒപ്പം യാത്ര ചെയ്ത് വീട്ടിലെത്തുന്നു !! കോവിഡ് രോഗബാധിതരെ യാത്രയ്ക്കാന്‍ എം.എൽ‍.എ അടക്കമുളള വലിയ നേതൃനിര ആശുപത്രിയിൽ കാത്തുനിൽക്കുന്നു!!! കുടുംബ ബന്ധത്തിന്‍റെ മഹത്വം പറഞ്ഞ് താന്‍ ചെയ്ത ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി മറ്റുളളവരുടെ കുടുംബസ്നേഹം ഇങ്ങിനെയായിരിക്കണമെന്നില്ല എന്ന പരിഹാസച്ചുവയോടുള്ള പ്രതികരണവും നടത്തുന്നു!!!!

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, അങ്ങു മനസ്സിലാക്കണം,

താങ്കൾ ചെയ്തതു ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. ഗുരുതരമായ വീഴ്ച താങ്കളുടെ ഭാഗത്തു നിന്നു ഉണ്ടായി. ചിലപ്പോൾ, അറിഞ്ഞു കൊണ്ടായിരിക്കണമെന്നില്ല. കേവലം ശ്രദ്ധക്കുറവാകാം. അഥവാ ജാഗ്രതാക്കുറവാകാം.. ആര്‍ക്കും സംഭവിക്കാവുന്ന വീഴ്ചയാണെന്നും കരുതാം. ഇതു സമ്മതിച്ചാല്‍ തീരുന്ന പ്രശ്നമേയുളളു. നിര്‍ഭാഗ്യവശാല്‍ അതു ഉള്‍ക്കൊളളാനും അംഗീകരിക്കാനും താങ്കൾ തയാറാകുന്നില്ല. എല്ലാവർക്കും അവരവരുടെ കുടുംബം അത്രയേറെ വലുതും സുദൃഢവുമാണെന്നു മനസ്സിലാക്കാൻ പോലുമുള്ള ഹൃദയ വിശാലത താങ്കൾക്കില്ലാതെ പോയല്ലോ...

തനിക്കെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊളളാനും അംഗീകരിക്കാനും തയാറല്ല എന്നത് ഒരു പ്രത്യേക മാനസികാവസ്ഥയല്ലേ... വിയോജിപ്പിന്‍റെ സ്വരത്തെ ഉള്‍ക്കൊളളാന്‍ കഴിയാത്തത് ജനാധിപത്യ ഭരണാധികാരിക്കു ചേര്‍ന്നതാണോ...?

ഇപ്പറഞ്ഞ ഗുരുതരമായ ചട്ട ലംഘനം കുടുംബത്തിന്‍റെ പേരില്‍ ന്യായീകരിക്കുന്ന അങ്ങേയ്ക്ക് സാമൂഹിക അകലത്തെക്കുറിച്ചും ആരോഗ്യ പ്രോട്ടോക്കാളിനെക്കുറിച്ചും ജനങ്ങളോട് നിര്‍ദ്ദേശിക്കാന്‍ എന്ത് ധാര്‍മ്മികതയാണുളളത്...?

എങ്ങനെ കേരളം അങ്ങയുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കും...?

നിയമത്തിനു മുമ്പില്‍ സര്‍വ്വരും സമന്‍മാരല്ലേ...? ഇനിയും സംശയം ഉണ്ടെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഒന്നും വായിച്ചു നോക്കണം... “Equality Before Law and Equal Protection of Law”. നിയമത്തിനു മുന്നിൽ പിണറായി വിജയൻ എന്നല്ല, നാംഎല്ലാവരും തുല്യരാണെന്നല്ലേ അതു പറയുന്നത്.... ? സംസ്ഥാനത്തിന്റെ ഭരണത്തലവന് അത് തിരിച്ച്റിയാൻ കഴിയാതെ പോകുന്നത് ജനാധിപത്യത്തിന്റെ ദുരന്തവും അധികാരം സമ്മാനിച്ച ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണ്...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID PROTOCOL, CM PINARAYI VIJAYAN, NK PREAMACHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.